കല്പറ്റ: ആഡംബര കാറുകളുമായി പ്ലസ് ടു വിദ്യാർത്ഥികളുടെ അഭ്യാസം. എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികളുടെ സെന്റ് ഓഫ് ദിനത്തിൽ സ്കൂള്‍ ഗ്രൗണ്ടില്‍ കാറുമായി കുട്ടികളുടെ അഭ്യാസപ്രകടനം. രണ്ടു കാറുകള്‍ അഭ്യാസപ്രകടനത്തിനിടെ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച വൈകീട്ട് നടന്ന സെന്റ് ഓഫ് പാരിപാടികള്‍ക്കുശേഷമായിരുന്നു കുട്ടികളുടെ ഇത്തരത്തിലുള്ള അഭ്യാസപ്രകടനം.
സ്കൂള്‍ അധികൃതരുടെ വിലക്ക് മറികടന്നാണ് വിദ്യാര്‍ഥികള്‍ കാറുകളുമായി എത്തിയത്.ആറു കാറുകളാണ് സ്കൂളിൽ കൊണ്ടുവന്നത്. ഇക്കൂട്ടത്തിൽ വാടകയ്ക്കെടുത്ത ആഡംബര കാറുകളുമുണ്ട്. വിദ്യാര്‍ഥികള്‍ അപകടകരമായ വിധത്തില്‍ കാര്‍ ഓടിച്ചതും അപകടമുണ്ടായതും സ്കൂള്‍ അധികൃതര്‍തന്നെയാണ് കല്പറ്റ പോലീസിനെ അറിയിച്ചത്. അതെസമയം കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്കെല്ലാം ലൈസന്‍സുണ്ടായിരുന്നു.വിദ്യാര്‍ഥികളുടെ പേരിലും വാഹനത്തിന്റെ ആര്.സി. ഉടമകളുടെപേരിലും പോലീസ് കേസെടുത്തു. പോലീസ് കാറുകളെല്ലാം കസ്റ്റഡിയിലെടുത്തു.