തിരുവന്തപുരം: സൈബറിടത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടപെടലില്‍ നിര്‍ദ്ദേശവുമായി സിപിഐ. അധിക്ഷേപകരമായ രീതിയില്‍ പ്രവര്‍ത്തകര്‍ സൈബറിടങ്ങളില്‍ ഇടപെടുന്നത് അച്ചടക്കലംഘനമായി കണക്കാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും മോശമായി ചിത്രീകരിക്കുന്നതും ഏതെങ്കിലും രീതിയില്‍ അധിക്ഷേപിക്കുന്നതും ഗുരുതര കുറ്റമായി കണക്കാക്കും. ഇതിനെ പ്രോത്സഹിപ്പിക്കുന്നതിനെയും അച്ചടക്കലംഘനമായി കണക്കാക്കും.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച് പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. സൈബറിടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ഒരാഴ്ച തെറ്റ് തിരുത്താനുള്ള സമയം ആദ്യം കൊടുക്കും. എന്നിട്ടും മാപ്പ് പറഞ്ഞില്ലെങ്കില്‍ ആ അംഗത്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ച് ഉപരിഘടകത്തിന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പുതിയ നിര്‍ദേശം. പാര്‍ട്ടി അംഗമാണെന്ന ഉറച്ച ബോധ്യത്തോടെ ഇടപെടണമെന്ന് സിപിഐ മുന്‍പുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.