ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത സൈനിക നടപടിയായിരുന്നു ഓപ്പറേഷന് ബ്ലൂസ്റ്റാര്‍.ഒരു പക്ഷേ, പുതു തലമുറയ്ക്ക്
അത്ര പരിചിതമായിരിക്കില്ല ഈ പദം.രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനായി നമ്മുടെ രാജ്യത്ത് നടന്ന ഏറ്റവും വലിയ സൈനിക നടപടിയായായ ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ നടന്നിട്ട് 40 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജ്യം ഏറെ ദുഖത്തോടെ സ്മരിക്കേണ്ട നാമമാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേത്.ലോകം എറ്റവും കരുത്തയായ നേതാവെന്ന് വിലയിരുത്തിയ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച ഒരു സൈനിക നടപടിയുടെ നാല്‍പ്പതാണ്ടിന്റെ സ്മരണയാണ് ഓപ്പറേഷന് ബ്ലൂസ്റ്റാര്‍.
പഞ്ചാബിലെ അമൃത്സറിലാണ് സിഖ് മത വിശ്വാസികളുടെ പരമപവിത്ര തീര്‍ത്ഥാടന കേന്ദ്രമായ സുവര്‍ണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1984 ജൂണ്‍ 10 ന് നടന്ന സൈനിക നടപടിയാണ് ‘ഓപ്പറേഷന് ബ്ലൂസ്റ്റാര്‍’ എന്ന പേരില്‍ അറിയപ്പെടുന്നത്. പഞ്ചാബിനെ ഒരു സ്വതന്ത്ര രാജ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ നടന്ന ഖാലിസ്ഥാന്‍ വാദം. രാജ്യത്തെ വിഘടിപ്പിക്കുന്നതിനായി നടന്ന ഈ നീക്കത്തെ വേരോടെ പിഴുതുമാറ്റിയ സൈനിക നടപടിയുടെ പേരായിരുന്നു ഓപ്പറേഷന് ബ്ലൂസ്റ്റാര്‍.
സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളിലെ അകാല്‍ തഖ്ത് എന്ന ആരാധനാസ്ഥലം കയ്യടക്കി ഇരിപ്പുറപ്പിച്ച ഖാലിസ്ഥാനി തീവ്രവാദികളെ അവിടെ നിന്ന് തുരത്തുക എന്നതായിരുന്നു ഈ നിര്‍ണായക ഓപ്പറേഷന്റെ ലക്ഷ്യം.ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള നിരവധി സൈനിക നടപടികളില്‍ ഒന്നുമാത്രമാണ് ‘ഓപ്പറേഷന് ബ്ലൂ സ്റ്റാര്‍’. എന്നാല്‍ ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാനായി ഒരു നേതാവ് സ്വന്തം ജീവന് കൊടുക്കേണ്ടിവന്നു ഈ ഓപ്പറേഷന്. ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ എന്ന സൈനിക നടപടി ചരിത്രത്തിന് മറക്കാനാവാത്തതും ഇതുകൊണ്ടാണ്ടുമാത്രമാണ്.
ഖലിസ്ഥാന്‍ വാദികള്‍ സുവര്‍ണ്ണ ക്ഷേത്രത്തിനകത്ത് ഒളിവില്‍ കഴിയുകയാണെന്ന വിവരം ലഭിച്ചതോടെ സൈനിക നടപടി സ്വീകരിക്കാനുള്ള ഉത്തരവു നല്‍കിയത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ടായിരുന്നു. പഞ്ചാബിന്റെ മണ്ണില്‍ തീവ്രവാദത്തിന്റെ വിത്തുകള്‍ വിതച്ച് വളവും വെള്ളവും നല്കി വളര്‍ത്തുന്ന കുപ്രസിദ്ധ ഭീകരവാദി ഭിന്ദ്രന്‍വാലയെ പിടികൂടുക എന്നതായിരുന്നു ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം, റോയുടെ ഒരു കമാന്‍ഡോ ഓപ്പറേഷന് ആയിട്ടായിരുന്നു ഇത് പ്ലാന്‍ ചെയ്തത്. പ്രസ്തുത കമാന്‍ഡോ ഓപ്പറേഷനു വേണ്ടി റോ തീവ്രവാദികള്‍ ഒളിച്ചു പാര്‍ക്കുന്ന കെട്ടിടത്തിന്റെ സെറ്റിട്ട് റിഹേഴ്സലുകള്‍ വരെ നടത്തിയ ശേഷമാണ്, ഇന്ദിരാ ഗാന്ധി അതിന് അനുമതി നിഷേധിച്ച്, പകരം സൈനിക ഇടപെടല്‍ മതി എന്ന് തീരുമാനിച്ചത്.
പഞ്ചാബിനെ ഇന്ത്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെട്ടുകൊണ്ട് സിഖുകാര്‍ക്ക് മാത്രമായി ഒരു പരമാധികാര രാഷ്ട്രം സാധ്യമാണ് എന്ന ചിന്ത ഉടലെടുക്കുന്നത് 1940 -കളിലും 1950 -കളിലും ഒക്കെയാണെങ്കിലും ‘ദംദമി തക്തല്‍’ എന്ന പ്രസ്ഥാനവുമായി മുന്നോട്ടുവന്ന ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍വാലയാണ് ആ തീപ്പൊരിക്ക് കാറ്റുപകരുന്നത്. സിഖ് മതത്തിന്റെ സങ്കല്‍പ്പങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി യുവതലമുറയെ പ്രേരിപ്പിച്ചുകൊണ്ടിരുന്ന ഒരു കടുത്ത പാരമ്പര്യവാദിയും, ആ നിലയ്ക്ക് തന്നെ യുവാക്കളില്‍ പലരുടെയും ആരാധനാ മൂര്‍ത്തിയുമായിരുന്നു ഭിന്ദ്രന്‍വാല.
1982 -ല്‍ ഭിദ്രന്‍വാല തന്റെ ആസ്ഥാനമായ ചൗക്ക് ഗുരുദ്വാരയില്‍ നിന്ന് ആദ്യം സുവര്‍ണക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഗുരുനാനാക് നിവാസിലേക്കും, പിന്നീട് അതിനുള്ളിലെ അകാല്‍ തഖ്ത്തിലേക്കും തന്റെ ആസ്ഥാനം മാറ്റി. ബലം പ്രയോഗിച്ച് ഭിദ്രന്‍വാല കടന്നുകയറിയത് കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഐ എസ് ഐ സഹായത്തോടെ ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ച് ഭീകരവാദിയായി മാറിയ ഭിന്ദ്രന്‍വാലയുടെ രാഷ്ട്രീയ ഉന്മൂലനം തന്നെയായിരുന്നു സൈനിക ഇടപെടലിന്റെ പ്രഥമ ലക്ഷ്യം.
ഒരു സൈനിക ഓപ്പറേഷന് നടത്തി ഭിന്ദ്രന്‍വാല അടക്കമുള്ളവരെ നിര്‍മാര്‍ജ്ജനം ചെയ്തില്ലെങ്കില്‍ പഞ്ചാബില്‍ സ്ഥിതി കൈവിട്ടുപോകും എന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നിര്‍ണായകമായ ഈ തീരുമാനമെടുക്കുന്നതും, ഓപ്പറേഷന് ബ്ലൂസ്റ്റാറിന് അനുമതി നല്‍കുന്നതും. ലഫ്. ജനറല്‍ കുല്‍ദീപ് സിങ് ബ്രാര്‍, ലഫ്. ജനറല്‍ കൃഷ്ണസ്വാമി സുന്ദരംജി, ജനറല്‍ എ എസ് വൈദ്യ എന്നിവര്‍ക്കായിരുന്നു ആക്രമണത്തിന്റെ ചുമതല. രണ്ടു ഭാഗങ്ങളുണ്ടായിരുന്നു ഓപ്പറേഷന് ബ്ലൂസ്റ്റാറിന്.
സുവര്‍ണക്ഷേത്രത്തിനുള്ളില്‍ നിന്ന് ഭീകരരെ തുരത്തുക എന്ന ഭാഗം മാത്രമായിരുന്നു അത്. അതിന്റെ തുടര്‍ച്ചയായി ഒരു അനുബന്ധ ദൗത്യം കൂടി നടന്നു. പഞ്ചാബിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ റെയ്ഡുകള്‍ നടത്തി ഖാലിസ്ഥാനികളെ ജയിലുകളിലേക്ക് തള്ളുന്ന ആ ദൗത്യത്തെ അന്ന് വിളിച്ചത് ‘ഓപ്പറേഷന് ഷോപ്പ്’ എന്നായിരുന്നു.
ഓപ്പറേഷന് ബ്ലൂസ്റ്റാറിന്റെ രണ്ടാമത്തെ ഭാഗം, ‘ഓപ്പറേഷന് വുഡ് റോസ്’ എന്നപേരില്‍ അറിയപ്പെട്ടു. അതും സൈന്യം തന്നെ മുന്നിട്ടിറങ്ങി നടത്തിയ ഒന്നായിരുന്നു. പഞ്ചാബില്‍ ഉടനീളം നടപ്പിലാക്കപ്പെട്ട ഒന്ന്. ടാങ്കുകള്‍, ആര്‍ട്ടിലറികള്‍, ഹെലികോപ്റ്ററുകള്‍, കവചിതവാഹനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി നടത്തിയ ഒന്ന്. ഇന്ത്യന്‍ സൈന്യത്തിലെ മുന്‍ മേജര്‍ ജനറല്‍ ആയിരുന്ന ഷാബേഗ് സിങ് ആയിരുന്നു ഭിന്ദ്രന്‍വാലയുടെ കൊച്ചു സൈന്യത്തെ നിയന്ത്രിച്ചിരുന്നത്.
ലെഫ്റ്റനന്റ് കേണല്‍ ഇസ്റാര് റഹീം ഖാന്റെ നേതൃത്വത്തിലുള്ള പത്താം ബറ്റാലിയനിലെ അത്യന്തം ശ്രമകരമായ ഈ സൈനിക ഓപ്പറേഷനില്‍ അന്ന് 83 ഇന്ത്യന്‍ സൈനികര്‍ രക്തസാക്ഷികളായി. 248 -ലധികം സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി സൈനികര്‍ വികലാംഗരായി. ആ സമയത്ത് ക്ഷേത്രത്തിനുള്ളില്‍ സന്നിഹിതരായിരുന്ന ഖാലിസ്ഥാനി തീവ്രവാദികള്‍ അടക്കം 492 സിവിലിയന്മാര്ക്കും ജീവന് നഷ്ടമായി. 1592 പേരെ അന്ന് ഈ ഓപ്പറേഷന്റെ ഭാഗമായി സൈന്യം കസ്റ്റഡിയില്‍ എടുക്കുകയുണ്ടായി.
ലോകമെമ്പാടുമുള്ള സിഖ് മത വിശ്വാസികളില്‍ തങ്ങളുടെ പുണ്യസ്ഥലത്തിനുള്ളില്‍ നടന്ന ഈ സൈനിക നടപടി ആഴത്തിലുള്ള മുറിവാണ് സൃഷ്ടിച്ചത്. ആ ഓപ്പറേഷന്റെ ആഘാതം പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ വിവരണാതീതമാണ്. നിരവധി കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലെ പ്രേരണ ഈ ഓപ്പറേഷനിലൂടെ വ്രണപ്പെട്ട സിഖ് മത വികാരമായിരുന്നു. ഇന്ത്യ കണ്ട ഏക വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് അകാലത്തില്‍ തന്റെ ജീവന് നഷ്ടപ്പെടാന്‍ കാരണമായതും അതുതന്നെ.ഇന്ദിരാവധത്തിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളമായി പതിനായിരക്കണക്കിന് സിഖുകാര്‍ വേട്ടയാടപ്പെട്ടു. പലരെയും പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയും, വഴിയില്‍ തടഞ്ഞുവെച്ചുമൊക്കെ തീവെച്ചും വെട്ടിയും കൊന്നുകളഞ്ഞു.
ഇന്ത്യാ ചരിത്രത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയ ഒന്നാണ് ഈ സൈനിക ഓപ്പറേഷന്. അതുകൊണ്ടുണ്ടായ ഗുണദോഷങ്ങള്‍ ഇന്നും വിവാദങ്ങള്‍ക്ക് കാരണമാണ്. എന്നിരുന്നാലും, പഞ്ചാബ് എന്നും ഇന്ത്യയുടെ അഭിവാജ്യഘടകമായിരിക്കണമെന്ന ശക്തവും വ്യക്തവുമായ നിലപാടുണ്ടായിരുന്ന ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ നിലപാട് അന്നും ഇന്നും രാജ്യത്തിന് മുതല്‍ക്കൂട്ടായി. ഓപ്പറേഷന് ബ്ലൂസ്റ്റാറിലൂടെ പഞ്ചാബില്‍ നിന്നും വിഘടനവാദികളെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ വഴിയൊരുക്കി. ഇന്ത്യയെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ എന്റെ ഓരോ തുള്ളിച്ചോരയും ഉപയോഗിക്കുമെന്ന ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപനം ഇന്നും ഓരോ ഇന്ത്യക്കാരെന്റെയും മനസില്‍ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും.