തിരുവനന്തപുരം: ആക്രി വ്യാപാരത്തിന്റെ മറവിലെ നികുതി വെട്ടിപ്പ് കണ്ടെത്തി ഓപ്പറേഷൻ പാം ട്രീ. ദൗത്യത്തിന്റെ നിര്ണായക വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതിഥി തൊഴിലാളികളുടെയും ദരിദ്രരുടെയും ആധാർ വിവരങ്ങൾ വിലയ്ക്ക് വാങ്ങിയാണ് തട്ടിപ്പ്. ഇതുപയോഗിച്ച് വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളുണ്ടാക്കി, വ്യാജ ഇടപാടുകൾ കാട്ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പിന് പിന്നിൽ വൻ ശൃഘംലയെന്ന് സ്റ്റേറ്റ് ജിഎസ്ടി വ്യക്തമാക്കി. കൂടതൽ പേരിലേക്ക് അന്വേഷണം നീളും.
സ്റ്റീൽ വ്യാപാരികൾക്ക് ആക്രി വിൽക്കുന്ന വൻ ശൃഘംലയാണ് നികുതി വെട്ടിപ്പിന് പിന്നിൽ. കൃത്യമായ രേഖകളില്ലാതെ, നികുതിയടയ്ക്കാതെ സാധാരണ ആക്രിക്കടക്കാരിൽ നിന്നും ഇവർ ആക്രിവാങ്ങിക്കൂട്ടും. വ്യാജ ജിഎസ്ടി ബില്ലുകൾ ചമച്ച് ഈ ഇടപാടിന്റെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അടിച്ചെടുക്കും.
ഒരു നികുതിയും അടയ്ക്കാതെ ഈ ആക്രി വൻകിട കമ്പനികൾക്ക് മറിച്ചുവിൽക്കും. ഇങ്ങനെയാണ് തട്ടിപ്പ് രീതി. അതിഥി തൊഴിലാളികൾ, കൂലിപ്പണിക്കാർ തുടങ്ങി അതിസാധാരണക്കാരിൽ നിന്നും ആധാർ വിവരങ്ങൾ നേടിയെടുത്താണ് ഈ വെട്ടിപ്പ്.
തുച്ഛമായ തുകയ്ക്ക് ആധാർ വിവരങ്ങൾ വാങ്ങുക. ഈ വിവരങ്ങൾ ഉപയോഗിച്ച് പുതിയ ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടും ജിഎസ്ടി രജിസ്ട്രേഷനുമെടുക്കും. ഇത് വച്ച് വ്യാജ ബില്ലുകളുണ്ടാക്കിയാണ് തട്ടിപ്പ്. ഇതതരം സംഭവങ്ങൾ നിരീക്ഷിച്ച ജിഎസ്ടി ഇൻറ്റലിജൻസ് വിഭാഗത്തിലാണ് വൻ ശൃഘംല ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു എന്ന വിവരം കിട്ടിയത്.
തട്ടിപ്പിനിരയായ സാധാരണക്കാരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്നാണ് ജിഎസ്ടി വകുപ്പ് നൽകുന്ന സൂചന.
ഇന്നലെ എറണാകുളത്ത് നിന്ന് പിടികൂടിയ, ഉസ്മാൻ പുല്ലാക്കൽ തട്ടിപ്പ് സംഘത്തിലെ മൂഖ്യസൂത്രധാരിൽ ഒരാളാണ്. ഇയാളുടെ വീട്ടിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഈ സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ കുറിച്ച് ജിഎസ്ടി വകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. സംസ്ഥാനവ്യാപകമായി 100ൽ അധികം കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് വെട്ടിപ്പിന്റെ ആഴം വ്യക്തമായത്.