ഡല്‍ഹി: രാജ്യസഭാ ചെയര്മാന് ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്കി ഇന്ത്യാ സഖ്യം. ധന്‍കര്‍ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രാജ്യസഭാ സെക്രട്ടറി ജനറലിനാണ് നോട്ടീസ് നല്‍കിയത്. ചരിത്രത്തിലാദ്യമായാണ് രാജ്യസഭാ ചെയര്‍മാനെതിരെ പ്രതിപക്ഷം അവിശ്വാസനീക്കം നടത്തുന്നത്.
പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തുടര്‍ച്ചയായി ഏറ്റുമുട്ടുന്നതിനിടെയാണ് രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ സുപ്രധാന നീക്കം. ഇന്ത്യാ മുന്നണിയിലെ എല്ലാ പ്രമുഖപാര്‍ട്ടികളും നോട്ടീസിനെ പിന്തുണയ്ക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി,
സമാജ് വാദി പാര്‍ട്ടി, ഡിഎംകെ, ആര്‍ജെഡി എന്നവര്‍ നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. വേദനാജനകമായ തീരുമാനമാണെന്നും എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ താത്പര്യത്തിന് ഇത് അനിവാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
നവംബര്‍ 25 ന് ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനം ഭരണ-പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായി തടസ്സപ്പെടുകയാണ്. ആദ്യദിനങ്ങളില്‍ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം സഭാ നടപടികള്‍ അലങ്കോലപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ രണ്ട് ദിവസമായി സോറോസ്-കോണ്‍ഗ്രസ് ബന്ധം ഉയര്‍ത്തി ഭരണപക്ഷം തന്നെ സഭ തടസ്സപ്പെടുത്തുന്നതാണ് കാണുന്നത്.