അനീഷ എം എ-സബ് എഡിറ്റർ
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും നടപടിക്രമങ്ങള്‍ ഇന്നും തടസ്സപ്പെട്ടു. ലോക്സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പാര്‍ലമെന്റ് ബഹളത്തില്‍ മുങ്ങുന്നത്.
ഇന്നും സംഭാല്‍, ഗൗതം അദാനി, മണിപ്പൂര്‍ വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തരപ്രമേയ നോട്ടീസ് നല്കി. എന്നാല്‍ ഇരുസഭകളിലും നോട്ടീസിന് അനുമതി ലഭിച്ചില്ല. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടങ്ങി. ലോക്സഭയില്‍ ചോദ്യോത്തരവേള ബഹളത്തില്‍ മുങ്ങി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
പ്രതിപക്ഷബഹളം നിയന്ത്രണാതീതമായതോടെ ഇരുസഭകളും നാളെ രാവിലെ 11 മണിക്ക് ചേരാനായി പിരിഞ്ഞു. അതിനിടെ ഗൗതം അദാനി വിഷയം തുടര്‍ച്ചയായി ഉന്നയിക്കുന്ന കോണ്‍ഗ്രസ് നിലപാടില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.