പ്രണയം.ഏറ്റവും പരിശുദ്ധമായ മനുഷ്യ വികാരം.ഈ ജീവിത കാലയളവില്‍ ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവെക്കാനും,ജീവിതത്തിന് പുതുജീവന്‍ പകരാനും മനുഷ്യനെ പ്രേരിപ്പിക്കുന്ന മ്യദുല വികാരം.ഈ നിഷ്കളങ്ക വികാരത്തിന് ആരാണ് ചോരകറയുടെ നിറം പകര്‍ന്നത്.എങ്ങനെയാണ് മരണത്തിന്റെ മാനം നല്കാന് കഴിയുന്നത്.
പ്രണയ നൈരാശ്യവും ഒഴിവാക്കലും വില്ലനാകുമ്പോള്‍ അപ്പുറത്ത് നില്‍ക്കുന്നയാളെ ഒരു കരുണയും കുടാത ഇല്ലാതാക്കാനുളള പ്രവണത ഇന്ന് ഏറി വരുകയാാണ്.പ്രണയം പകയാകുമ്പോള്‍ ചിറകറ്റുവീഴുന്ന നമ്മുടെ യുവതലമുറ.ഹൃദയം തകര്‍ന്ന് അലമുറയിട്ട് കരയുന്ന ഉറ്റവര്‍. പ്രണയക്കൊലപാതങ്ങളുടെ തുടക്കം ആസിഡ് ആക്രമണങ്ങളില്‍ നിന്നായിരുന്നു.തനിക്ക് കിട്ടാത്ത സ്നേഹം മറ്റർക്കും കിട്ടെണ്ട എന്ന നിക്യഷ്ട ചിന്തയാണ് ആസിഡ് ആക്രമണത്തിലേയ്ക്ക് നയിക്കുന്നത്.
ഒരിക്കല്‍ തന്റെ പ്രണയത്തിന്റെ രൂപമായ പങ്കാളിയുടെ മുഖത്തെ വിക്യതമാക്കി ആനന്ദം കണ്ടെത്തുന്ന ആണ്‍കുട്ടികളുടെ മനസ്സിനെ ഏറെ ഭയക്കേണ്ടിരിക്കുന്നു.വടക്കേ ഇന്ത്യക്കാരില്‍ അങ്ങേയറ്റം ക്രിമിനല്‍ മനസ്സുളള ചിലരുടെ ക്രൂരതയെന്ന് എണ്ണിപ്പറഞ്ഞും നെടുവീര്‍പ്പെട്ടും കഴിഞ്ഞിരുന്ന മലയാളിയുടെ ഇടയിലേക്ക് ഏറെ നിശബ്ദനായി അ വാര്‍ത്ത വന്നെത്തി.
2017 ഫെബ്രുവരി 1 ന് ഹരിപ്പാട് ചിങ്ങോലി സ്വദേശിനി ലക്ഷ്മിയുടെ കൊലപാതകം.അവിടെ തുടങ്ങി കേരളത്തിലെ പ്രണയ കൊലപാതകങ്ങള്‍.പൂര്‍വ വിദ്യാര്‍ഥിയായ ആദര്‍ശ് സ്വന്തം ശരീരത്തില്‍ തീകൊളുത്തിയ ശേഷം കെട്ടിപ്പിടിച്ചാണ് ലക്ഷ്മിയുടെ ശരീരത്തിലേക്ക് തീ പടര്‍ത്തിയത്.കോട്ടയം സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ഥിയായിരുന്നു ലക്ഷ്മി.
2017 ജൂലൈ 17 ന് കടമ്മനിട്ട സ്വദേശിനി ശാരികയെ ബന്ധുവായ സജിന്‍ വീട്ടിലെത്തി പെട്രോളൊഴിച്ച് കത്തിച്ചു.2019 മാര്‍ച്ച് 12 നായിരുന്നു തിരുവല്ല സ്വദേശിനി കവിതയുടെ കൊലപാതകം.കോളജിലേക്ക് പോയ കവിതയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി സഹപാഠി അജിന് റെജി കുത്തിവീഴത്തിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.2019 ഏപ്രില്‍ നാലിന് തൃശൂര്‍ ചീയാരത്ത് സ്വദേശിനി നീതുവിനെ സുഹൃത്ത് നിധീഷ് പെട്രോളൊഴിച്ച് കൊലപ്പെടുത്തി.പ്രണയത്തില്‍നിന്ന് പിന്മാറിയതിന് പുലര്‍ച്ചെ നീതുവിന്റെ വീട്ടിലെത്തിയാണ് നിധീഷ് കൊല നടത്തിയത്.
2019 ജൂണ്‍ 15 മാവേലിക്കര വളളികുന്നം സ്വദേശിനി സൗമ്യയെന്ന പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്ത്തകന് അജാസ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് ചുട്ടുകൊന്നു.2019 ജൂണ്‍ 17ന് പെരിന്തല്‍മണ്ണ സ്വദേശിനി ദൃശ്യയെ വിനീഷ് എന്ന യുവാവ് കുത്തിക്കൊലപ്പെടുത്തി.2019 ഒക്ടോബര്‍ 9 ന് എറണാകുളം പറവൂര്‍ സ്വദേശിനി ദേവികയെന്ന 16 കാരിയെ സുഹൃത്ത് മിഥുന് അഗ്നിക്കിരയാക്കി.ഒപ്പം മിഥുനും ജീവനൊടുക്കി.2020 ജനുവരി 6 നാണ് തിരുവനന്തപുരം കാരക്കോണം സ്വദേശിനി അഷിത കൊല്ലപ്പെടുന്നത്.അഷിതയെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതി അനൂപും ആത്മഹത്യ ചെയ്തു.പ്രണയത്തില്‍ നിന്ന് അഷിത പിന്മാറിയതാണ് പകയ്ക്ക് കാരണമായത്.
2020 ജനുവരി 8നാണ് കലൂര്‍ സ്വദേശിനി ഇവ കൊല്ലപ്പെട്ടത്.സഫീര്‍ ഷാ എന്ന സുഹൃത്ത് കാറിനുളളില്വച്ചാണ് ഇവയെ കൊലപ്പെടുത്തിയത്.2021 ഫെബ്രുവരി 19 കണ്ണൂര്‍ സ്വദേശിന രേഷ്മ പ്രണയപ്പകയ്ക്ക് ഇരയായി.2021 ഫെബ്രുവരി 20 ഇടുക്കി പളളിവാസല്‍ സ്വദേശിനി രേഷ്മയും കൊല്ലപ്പെട്ടു.പിന്നാലെ പ്രതി അരുണ്‍ ജീവനൊടുക്കി.2021 സെപ്റ്റംബറില്‍ പാല സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന നിതിനയെ ക്യാമ്പസില്‍ വച്ച് സഹപാഠിയായ അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ആണ് സുഹ്യത്തിനോട് നിതിന സംസാരിച്ചു എന്നതായിരുന്നു അഭിഷേകിനെ കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
2021 ജൂലൈ 30ന് കണ്ണൂര്‍ നാറാത്ത് സ്വദേശിനി മാനസ എന്ന ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തലശ്ശേരി സ്വദേശി രഖില്‍ വെടിവെച്ച് കൊന്നത് കേരളത്തെ നടുക്കി.കഴുത്തറുത്തും കത്തിച്ചുമുളള പ്രണയ കൊലപാതകങ്ങള്‍ ശീലമായി മാറിയ ഇടത്തേക്ക് ഒരു ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകം കടന്നുവന്നത് ചര്‍ച്ചയായി. തുടര്‍ന്ന് രഖിലും സ്വയം വെടിയുതിര്‍ത്ത് മരണത്തിന് കീഴടങ്ങി.കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയയെന്ന പെണ്‍കുട്ടിയും ജീവന് ബലികൊടുക്കേണ്ടി വന്നു.പ്രണയത്തില്‍ നിന്ന് പിന്മാറിയതിനാണ് ശ്യാംജിത്തെന്ന പ്രതി കൃത്യം നിര്‍വഹിച്ചത്.
കേരളം കണ്ട മറ്റെല്ലാ കൊലപാതകങ്ങളും പ്രണയ നൈരാശ്യത്തില്നിന്നുണ്ടായ പക വീട്ടലായിരുന്നെങ്കില് ഒഴിവാക്കലിന്റെ അവസാനത്തെ അടവായിരുന്നു പാറശ്ശാലയിലെ ഷാരോണിന്റെ മരണം.ഒരു ക്രിമിനല്‍ പശ്ചാത്തലവും ചൂണ്ടിക്കാണിക്കാനില്ലാത്ത അഭ്യസ്ത വിദ്യയായ ഇരുപത്തിരണ്ടുകാരി വളരെ ആസൂത്രിതമായി തന്റെ കാമുകനെ കൊലപ്പെടുത്തി.കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയക്കൊലപാതകങ്ങള്‍ കണ്ട് മനം മടുത്തുപോയ കേരളത്തിന് ഇതുവരെ പരിചിതമല്ലാത്തൊരു മരണമായി ഷാരോണ്‍ കൊലപാതകം മാറി.
ബന്ധങ്ങള്‍ അങ്ങേയറ്റം ടോക്സിക് ആകുന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായിരുന്നു 2021 ഡിസംബര്‍ 10 ന് കോഴിക്കോട് തിക്കൊടിയില് കൃഷ്ണപ്രിയയുടെ മരണം.മുടികെട്ടുന്നതിലും വസ്ത്രം ധരിക്കുന്നതിലും വരെ നന്ദുവെന്ന കാമുകന് ഇടപെട്ടിരുന്നൊണ് സുഹൃത്തുക്കളുടെ മൊഴി. തുടര്‍ന്ന് ബന്ധത്തില്‍നിന്നും പിന്മാറാന് ഒരുങ്ങിയതോടെയാണ് കൃഷ്ണപ്രിയയെ കൊന്നുകളയാന്‍ നന്ദു തീരുമാനിച്ചത്.ഒപ്പം നന്ദുവും സ്വയം തീകൊളുത്തി മരണത്തിന് കീഴടങ്ങി.
2023 സെപ്തംബര്‍ 13 ന് പെരുമ്പാവുര് കുറുപ്പുംപടിയില്‍ പത്തൊന്‍പതുകാരിയായ നേഴ്സിംഗ് വിദ്യാര്‍ത്ഥിനി അല്‍ക്കയെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവാവ് ബേസില്‍ വെട്ടി കൊലപ്പെടുത്തിയത്.കടുത്തുരുത്തിയിൽ ആതിര എന്ന യുവതിയുടെ ആത്മഹത്യ മുൻപ് പ്രണയിച്ചിരുന്ന അരുണിന്റെ സെെബർ അധിക്ഷേപത്തെ തുടർന്നാണ്.പിന്നീട് അരുൺ ആത്മഹത്യ ചെയ്തു.ഏറ്റവും ഒടുവിൽ പ്രണയപകയിൽ ജീവൻ പൊലിഞ്ഞവരാണ് പത്തനംതിട്ട അടൂർ സ്വദേശികളായ അനുജയും ഹാഷിമും.അധ്യാപികയായ അനുജ യും ഹാഷിമും സഞ്ചരിച്ചിരുന്ന കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് കയറ്റുകയായിരുന്നു.വിവാഹിതരാണ് ഇരുവരും.മരണ കാരണം ഇപ്പോഴും വ്യക്തമല്ല.
പ്രണയക്കൊലപാതകങ്ങള്‍ മാത്രമല്ല പ്രണയത്തില്‍ നിന്ന് പിന്മാറുമ്പോള് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കൂടി വരുകയാണ്.നെയ്യാറ്റിന്‍കര സ്വദേശി മിഥു മോഹന്‍ കാമുകി അക്ഷര ബന്ധത്തില്‍ നിന്ന് പിന്മാറി എന്ന കാരണത്തലാണ് ആത്മഹത്യ ചെയ്യ്തത്.മിഥു ബന്ധത്തില്‍ പുലര്‍ത്തിയ ടോക്സിക്ക് പെരുമാറ്റങ്ങളും,ആത്മഹത്യ ചെയ്യാനുളള യുവാവിന്റെ നിരന്തര പ്രേരണയും അക്ഷര പിന്നീട് വെളിപ്പെടുത്തിയിരുന്നു.പത്തനംതിട്ടയില്‍ അനൂപ് എന്ന യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണവും കാമുകി രേശ്മ 14 വർഷമായുളള പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതായിരുന്നു.
സോഷ്യല്‍ മീഡിയയുടെ സ്വാധീനം കുറച്ചൊന്നുവല്ല പ്രണയത്തില്‍ വില്ലനാകുന്നത്. പ്രണയം ഇല്ലാതാകുമ്പോള്‍ ഡിജിറ്റല്‍ തെളിവുകള്‍ വച്ചുളള ബ്ലാക്ക് മെയിലിംഗ് ക്രൂരത തന്നെയാണ്.പിന്നീടുളള അവരുടെ ജീവിതത്തെ കശക്കി എറിയാനുളള ശക്തി അവയ്ക്കുണ്ട്. താനകപ്പെട്ടിരിക്കുന്നത് ഒരു ടോക്സിക് റിലേഷന്‍ഷിപ്പിലാണെന്ന് തിരിച്ചറിഞ്ഞാല്‍പോലും അതില്‍ നിന്ന് പിന്തിരിഞ്ഞ നടക്കാനുളള ആര്‍ജവം പലപ്പോഴും ഉണ്ടാകണമെന്നില്ല.പിന്നെ അത് പുറത്തുവരാതിരിക്കാന്‍ മറ്റയാളെ ഇല്ലാതാക്കാനുളള വഴികള്‍ തേടലായി. അവനവന്റെ ജീവിതം സുരക്ഷിതമാക്കാനായി എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു മനോനിലയിലേക്കാണ് എത്തപ്പെട്ടിരിക്കുന്നത്.
പ്രണയ നൈരാശ്യത്തില്‍ എല്ലാം എന്നേക്കുമായി അവസാനിപ്പിക്കാന്‍ വെമ്പുന്ന ഭ്രാന്തന് കാമുക ഹൃദയം വിശുദ്ധപ്രണയവും വിരഹ വേദനയും പഴങ്കഥകള്‍ മാത്രം.പ്രണയമുണ്ടാക്കുന്ന തീവ്ര വൈകാരികതയെ അതിജീവിക്കാന്‍ കാത്തുനില്‍ക്കാതെ ജീവനെടുത്തും ഒടുക്കിയും എരിഞ്ഞുതീരുന്ന കൗമാരം.എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്? കാലുകള്‍ ഇടറിപ്പോകുന്നത്. ‘നോ’ എന്ന് കേട്ടുശീലിച്ചിട്ടില്ലാത്ത ഒരു തലമുറയുടെ അസ്വസ്ഥമായ പ്രതികരണം മാത്രമായി ഇതിനെ കാണാനാകുമോ? കുട്ടികളെ അതിജീവനത്തിന് പ്രാപ്തരാക്കാതെ അമിത ലാളനയില്‍ രൂപപ്പെടുത്തിയെടുക്കുന്ന രക്ഷിതാക്കള്‍ക്കുളള തിരിച്ചടിയായി ഇതിനെ കണക്കുകൂട്ടാമോ? ഇത്തരം നൂറ് ചോദ്യങ്ങളുണ്ട് കേരളത്തിന്റെ വിവേചന ബുദ്ധിയില്‍.ഇല്ലായ്മകളുടെ അനുഭവജ്ഞാനം കുറഞ്ഞ ഒരു തലമുറയെ വളര്‍ത്തിയെടുത്ത് നാടിന് വെറുക്കപ്പെട്ടവരാക്കുന്നതില് നമുക്കൊന്നും ഒരുപങ്കുമില്ലെന്നാണോ?
കത്തിച്ചും കത്തിമുനയില്‍ കോര്‍ത്തും ഇല്ലാതാക്കുന്ന ജീവനോടൊപ്പം ഇരുട്ടില്‍ വീണുപോകുന്ന കുടുംബങ്ങളെ കാണാതെ പോകുന്നതെന്താണ്?കുഞ്ഞുങ്ങളോടൊപ്പം വളര്‍ന്ന പ്രതീക്ഷയുടെ അവസാന തിരിയും ഊതിയണച്ച് അവരെക്കൂടി കടുത്ത വിഷാദത്തിലേക്ക് തളളിയിടുന്നു.ചിലര്‍ സ്വയം ഒരുക്കിയ ചിതയിലേക്ക്.മറ്റുചിലര്‍ തിരിച്ചുവരുമെന്ന് വിജയഘോഷം മുഴക്കി ജയിലിലേക്ക്.നമ്മളൊന്നാണെന്ന പതിവ് പ്രണയ സലാപം പറയാതെ രണ്ടും രണ്ട് വ്യക്തികളാണെന്ന് പറഞ്ഞ് പഠിക്കാന്‍ കഴിയട്ടെ.പൊരുത്തപ്പെടാന്‍ കഴിയാത്ത ബന്ധം പുലര്‍ത്തുന്നത് ട്രോമ ബോഡിങാണ് എന്ന് തിരിച്ചറിയുക.
പ്രണയ പരാജയങ്ങളേയും ഉള്‍ക്കൊളളാനും അതിജീവിക്കാനും പഠിക്കണം. പ്രണയം അംഗീകരിക്കുന്നതുപോലെ തന്നെ നിരസിക്കാനുമുളള അവകാശം ഒരാള്‍ക്കുണ്ടെന്ന് തിരിച്ചറിയണം. കാരണങ്ങളൊക്കെ തീര്‍ത്തും വ്യക്തിയധിഷ്ഠിതമായിരിക്കാം. ചിലപ്പോള്‍ പ്രണയത്തിലായി കുറേക്കാലം കഴിഞ്ഞാകും ആ ബന്ധം വേണ്ടിയിരുന്നില്ലെന്ന് തിരിച്ചറിയുന്നത്. അത്തരം തിരിച്ചറിവുകളെ അംഗീകരിക്കാന്‍ പഠിക്കണം. നമ്മളോടൊപ്പം ജീവിച്ചുതീര്‍ക്കാനോ പ്രണയം പങ്കുവയ്ക്കാനോ വൈമുഖ്യം കണിക്കുന്ന ഒരാളെ സ്വാര്‍ത്ഥതയുടെ പേരില്‍ കെട്ടിയിടേണ്ട ആവശ്യമില്ല.ചോര കറ പുരളാതെ പരസ്പരം തുണയായി സ്വതന്ത്രരായ രണ്ട് വ്യക്തികളായി ഈ ആകാശത്തിന് കീഴില്‍ മതിയാവോളം പ്രണയിക്കാനും,പറ്റാതെ ആകുമ്പോള്‍ കൈ കൊടുത്ത് പിരിയാനും നമ്മുടെ യുവതലമുറ ഇനിയും പഠിക്കേണ്ടതുണ്ട്.