കോട്ടയം: പ്രശസ്ത ചിത്രകാരൻ മോപ്പസാങ് വാലത്ത് (68) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം ബുധനാഴ്ച 2.30-ന് കോട്ടയത്ത്. കേരളീയ കലാരൂപങ്ങളെ ചിത്രീകരിക്കുന്നതില്‍ പ്രത്യേക താല്പര്യം പുലര്‍ത്തിയ അദ്ദേഹം തിരുവാതിര, കഥകളി, തെയ്യം എന്നിവയുടെ ചിത്രപരമ്പരകള്‍ ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കലാമണ്ഡലം ഗോപിയുടെ നവരസങ്ങള്‍ ചിത്രീകരിച്ചു.
2001 മുതലാണ് മോപ്പസാങ് കഥകളി ചിത്രങ്ങള്‍ വരച്ചുതുടങ്ങിയത്. ആദ്യംവരച്ച 150 ചിത്രങ്ങള്‍ ഒരിക്കല്‍പോലും കഥകളി നേരില്ക്കാണാതെയായിരുന്നു. ഇതുവരെ അഞ്ഞൂറിലധികം കഥകളി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. പ്രശസ്ത ചരിത്രകാരൻ വി.വി.കെ.വാലത്തിന്റെ മകനാണ്. എഴുത്തുകാരൻ സോക്രട്ടീസ് വാലത്ത് സഹോദരനാണ്. ബിഎസ്എൻഎൽ റിട്ടയേർഡ് ഉദ്യോഗസ്ഥ മിനിയാണ് ഭാര്യ. മകൻ ഡിജിറ്റൽ ചിത്രകാരൻ വാൻഗോവ്. മകൾ ഏയ്ഞ്ചൽ.