പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്നേറുന്നതിനിടെ കോണ്‍ഗ്രസിനും യുഡിഎഫ് ക്യാമ്പിനും അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാലക്കാട് ഡിസിസി ദേശീയ നേതൃത്വത്തിന് അയച്ച കത്ത് പുറത്ത് വന്നതാണ് കാരണം. കെ മുരളീധരനെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണം എന്നായിരുന്നു കാര്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള കത്തിലെ ആവശ്യം.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും ഏറെ മുന്നേയാണ് കത്തെഴുതിയത്. അതിന് ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കെപിസിസി ശുപാര്‍ശ പ്രകാരം ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. അതിനാല്‍ പ്രചരണത്തില്‍ മറ്റ് മുന്നണികളേക്കാള്‍ ഒരുപടി മുന്നേറാനും യുഡിഎഫിന് കഴിഞ്ഞു. എന്നാല്‍ പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായി.

സ്ഥാനാര്‍ത്ഥിത്വം മോഹിച്ചിരുന്ന സരിന് പാര്‍ട്ടി വിട്ടു, ഇടത് സ്ഥാനാര്‍ത്ഥിയായി. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പലരും കോണ്‍ഗ്രസിനോട് ഗുഡ് ബൈ പറഞ്ഞു. പുറത്ത് പോയവരൊക്കെ ഉന്നയിച്ച പ്രധാന ആരോപണം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വേണ്ട ചര്‍ച്ച നടന്നില്ല, ഷാഫി പറമ്പിലും വിഡി സതീശനും ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുകയായിരുന്നു എന്നൊക്കെയാണ്. അതൊക്കെ സംസ്ഥാനനേതൃത്വം തള്ളി.
രാഹുല്‍ കോണ്‍ഗ്രസിന്റെ നോമിനി എന്നായിരുന്നു അന്ന് പറഞ്ഞത്. പക്ഷെ ഡിസിസിയുടെ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെ ആരോപണങ്ങള്‍ ശരിയായിരുന്നെന്ന് വ്യക്തമാകുന്നു എന്നാണ് എതിരാളികള്‍ പറയുന്നത്. കത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല. രാഹുലിനെയും സതീശനേയും ഷാഫിയേയും ലക്ഷ്യമിടുന്നവരാണ് കത്ത് പുറത്തുവന്നതിന് പിന്നിലെന്ന് വ്യക്തം.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അസംതൃപ്തരായവര്‍ പാളയത്തില്‍ ഉണ്ടെന്നത് കോണ്‍ഗ്രസിന് ഉയര്‍ത്തുന്ന ആശങ്ക ചെറുതല്ല. പ്രത്യേകിച്ച്, പാലക്കാട് ഇത്തവണ ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്ന സാഹചര്യത്തില്‍. സതീശന് പണി കൊടുക്കാന്‍ മോഹിക്കുന്നവര്‍ നവംബര്‍ 13 ന് ഇവിഎമ്മിലെ കൈപ്പത്തി ചിഹ്നം കണ്ടില്ലെന്ന് നടിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അങ്ങനെ സംഭവിച്ചാലും അത്ഭുതപ്പെടാനില്ല. അത് ബിജെപിയുടെ വിജയത്തിന് കാരണമാകുമെന്ന ആശങ്കയൊന്നും ഇക്കൂട്ടര്ക്കുണ്ടായെന്ന് വരില്ല. കാരണം ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതിയെന്ന ചിന്ത പേറുന്നവരാണിവര്‍.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകയില്‍ സ്ഥാനാര്‍ത്ഥി ആയ നിമിഷം തന്നെ പാലക്കാട്ടെ തന്റെ പിന്‍ഗാമിയായി ഷാഫി മനസില്‍ കുറിച്ച പേരാണ് രാഹുലിന്റേത്. ലോക്സഭാ ഫലം പുറത്ത് വന്നതിന് പിന്നാലെ രാഹുലും അതിനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി. മണ്ഡലത്തില്‍ സ്ഥിരം സന്ദര്‍ശകനായി, യൂത്ത് കോണ്‍ഗ്രസിന്റെ സമരപരിപാടികളില്‍ ഉള്‍പ്പെടെ പങ്കെടുത്ത് സജീവ സാന്നിധ്യമായി. എന്നാല്‍ അന്ന് മുതല്‍ ഡിസിസി അതൃപ്തി പ്രകടമാക്കി തുടങ്ങിയിരുന്നു. വരത്തനായ സ്ഥാനാര്‍ത്ഥി വേണ്ടെന്നതായിരുന്നു നിലപാട്.

സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ വിടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നീ പേരുകാണ് സജീവമായി ഉയര്‍ന്ന് കേട്ടത്. തന്റെ പേര് പരിഗണിച്ചിരുന്നെന്ന് സരിന് പറയുന്നുണ്ട്. മറ്റ് പലരും കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സീറ്റ് മോഹിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ ഷാഫിയുടെ അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഷാഫിയുടെ വാക്കിന് വലിയ വിലയുണ്ടാകുന്നത് സ്വാഭാവികമാണ്, അത് അവഗണിക്കാന്‍ പാര്‍ട്ടിക്ക് കഴിയുകയില്ല. കാരണം മണ്ഡലത്തില്‍ അത്രമേല്‍ പ്രിയങ്കരനാണ് ഷാഫി. കഴിഞ്ഞ 13 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്തതാണത്. മണ്ഡലത്തിന്റെ മുക്കും മൂലയും ഷാഫിക്ക് അറിയാം. യുവാക്കളിലെ തീപ്പൊരി നേതാവെന്നത് രാഹുലിന് ഗുണകരമായി മാറുകയായിരുന്നു.
പ്രചരണത്തിന്റെ ആദ്യ മൂന്ന് ലാപ്പുകള്‍ പിന്നിടുമ്പോള്‍ മുന്‍പന്തിയിലായിരുന്ന കോണ്‍ഗ്രസിനെ കത്ത് ചര്‍ച്ച വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഷാഫിയും സതീശനും അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിയെന്ന പ്രചരണമാണ് എതിരാളികള്‍ ഉയര്‍ത്തുന്നത്. അത് സ്ഥിരീകരിക്കുന്ന പ്രതികരണം ഇന്നലെ കെപിസിസി അധ്യക്ഷന്‍ തന്നെ നടത്തിയത് പാര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. രാഹുല്‍ ഷാഫിയുടെ നോമിനി എന്നാണ് സുധാകരന്റെ വാക്കുകള്‍. ഇതും എതിരാളികള്‍ ഇനി ആയുധമാക്കും. പാര്‍ട്ടി വിട്ടവരുടെ ആരോപണങ്ങള്‍ക്ക് ഉള്‍പ്പെടെ ശക്തി പകരുന്നതാണ് സുധാകരന്റെ വാക്കുകള്‍. ഇതിനെതിരെ യുഡിഎഫ് കണ്‍വീനര്‍ രംഗത്ത് വന്നത് ഇക്കാര്യത്തില്‍ പാര്‍ട്ടിയിലെ ഭിന്നത വ്യക്തമാക്കുന്നു.

രാഹുല്‍ കെപിസിസിയുടെ നോമിനി എന്നായിരുന്നു പറയേണ്ടിയിരുന്നത് എന്നാണ് ഹസന്റെ പ്രതികരണം. കത്ത് പുറത്തായതില്‍ അന്വേഷണം പ്രഖ്യാപിച്ച സുധാകരന്റെ നിലപാടിനെയും ഹസന് തള്ളുന്നുണ്ട്. കത്ത് പുറത്ത് വന്നത് സിപിഐഎം-ബിജെപി ഗൂഢാലോചന എന്നാണ് രാഹുല്‍ പറയുന്നത്. ഇത് എന്തടിസ്ഥാനത്തില്‍ എന്ന് വ്യക്തമാകുന്നില്ല.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിയെ ജയിപ്പിക്കാനുള്ള നീക്കമെന്നാണ് സിപിഐഎം ഉന്നയിക്കുന്ന ആരോപണം. ഇതിനെയെല്ലാം അതിജീവിച്ച് വേണം രാഹുലിന് ഇനി മുന്നേറാന്‍. ഒപ്പം പാളയത്തില്‍ ഉരുണ്ടുകൂടുന്ന പട തിരിച്ചറിഞ്ഞുള്ള മറുതന്ത്രങ്ങളും വേണ്ടി വരും. അത് പ്രതിപക്ഷ നേതാവിനാകും കൂടുതല്‍ വെല്ലുവിളി തീര്‍ക്കുക.
Rahul
