പാലക്കാട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് നേത്യത്വത്തിനുമെതിരെ ആഞ്ഞടിച്ച് എ. കെ ഷാനിബ്. കോണ്‍ഗ്രസ് പാളയം വിട്ട ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് തീരുമാനം.
മുഖ്യമന്ത്രിയാകാന്‍ വി ഡി സതീശന് എല്ലാവരെയും ചവിട്ടി മെതിച്ച് മുന്നേറുന്നുവെന്നും അതിനായി ബിജെപിയുമായി ചേര്‍ന്ന് മുഖ്യമന്ത്രി പദത്തിലേയ്ക്ക് നീങ്ങുന്നുവെന്നും ഷാനിബ് ആരോപിച്ചു.
ആളുകള്‍ നിലപാട് പറയുമ്പോള്‍ അവരെ പുറത്താക്കുന്നതാണു കോണ്‍ഗ്രസ് സമീപനം. പാര്‍ട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണു തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
അന്‍വര്‍ വിഷയത്തില്‍ കെ പി സി സി പ്രസിഡന്റ് പറഞ്ഞു വെച്ചതിനു ശേഷം സതീശന് പ്രകോപിപ്പിച്ചു. അന്‍വറിനെ സതീശന് എന്തിനാണ് പ്രകോപിപ്പിച്ചത്. പാലക്കാട് ബിജെപി യെ വിജയിപ്പിക്കാന്‍ സാഹചര്യം ഒരുക്കുകയാണെന്നും ഷാനിബ് ആരോപിച്ചു.
സതീശന് ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം പ്രവര്‍ത്തകരുടെ വാക്ക് കേള്‍ക്കാന്‍ തയ്യാറാകാത്ത ആളെന്ന വിമര്‍ശനവും ഷാനിബ് ഉയര്‍ത്തി. സതീശന്റെ തന്ത്രങ്ങള്‍ പാലക്കാട് പാളുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.