കൊച്ചി:പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ദമ്പതികളെ കൗണ്‍സിലിങിന് വിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്കി.ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പീഡനത്തിന് ഇരയായ യുവതിയോട് ഹൈക്കോടതി നേരിട്ട് വിവരങ്ങള്‍ തേടി.തനിക്ക് പരാതിയില്ലെന്ന നിലപാട് യുവതി ഹൈക്കോടതിയില്‍ സ്വീകരിച്ചു.ഇരുവര്‍ക്കും കൗണ്‍സിലിങ് നല്കിയ ശേഷം റിപ്പോര്‍ട്ട് സീല്‍ഡ് കവറില്‍ ഹാജരാക്കാന്‍ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് ഹെക്കോടതി നിര്‍ദ്ദേശം നല്കി.
കുടുംബ ബന്ധങ്ങളില്‍ പല പ്രശ്നങ്ങളും ഉണ്ടാകുമെന്നും എല്ലാത്തിലും ഇടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇരുവരെയും കൗണ്‍സിലിങിന് അയച്ചത്.ഗുരുതര ആരോപണങ്ങളാണ് കേസിലുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു. സര്‍ക്കാര്‍ അഭിഭാഷകന് റിപ്പോര്‍ട്ട് കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. പരാതിക്കാരിയുടെ ശരീരത്തില്‍ മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. പരാതി ഉയര്‍ന്നു വന്നതോടെ രാഹുല്‍ ഒളിവില്‍ പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സമയത്താണ് കുടുംബ ബന്ധങ്ങളിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടാനാവില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തത്.