വാദങ്ങളെല്ലാം പൊളിയുകയാണല്ലോ സഖാക്കളേ….പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സ്ഥിരം കാപ്സ്യൂള്‍ പൊളിഞ്ഞു. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന അടുത്ത കാപ്സ്യൂളും വിലപ്പോയില്ല. പാനൂരില്‍ ബോംബു നിർമ്മാണത്തിൽ, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നും, രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ പ്രയോഗിക്കാനായാണ് ബോംബ് നിര്‍മ്മിച്ചതെന്നുള്ള പൊലീസ് റിപ്പോര്‍ട്ട്, സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി.
പാനൂരില്‍ ഒരു പടക്കം പൊട്ടിയ സംഭവാണെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എ വിജയരാഘവന്റെ പ്രതികരണം. പാനൂരിലെ സ്ഫോടനവും ബോംബു നിര്‍മ്മാണവും ഒന്നും തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കില്ലെന്നായിരുന്നു സിപിഎം നേതാക്കളുടെ ആദ്യത്തെ പ്രതികരണം. എന്നാല്‍ ആര്‍ക്കുവേണ്ടിയാണ് ബോംബ് നിര്‍മ്മിച്ചതെന്ന ചോദ്യത്തിന് സിപിഎമ്മിന് മറുപടിയുണ്ടായിരുന്നില്ല.
ഇവിടെ ബോംബ് നിര്‍മ്മിക്കേണ്ട കാര്യമില്ലെന്നും, സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും കടുത്ത നടപടിയുണ്ടാവുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എനിക്കോ എന്റെ പാര്‍ട്ടിക്കോ ബോംബു സ്ഫോടനത്തില്‍ പരിക്കേറ്റവരുമായോ മരിച്ചയാളുമായോ യാതൊരു ബന്ധവുമില്ലെന്നാണ് വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ കെകെ ശൈലജ പറഞ്ഞിരുന്നത്.
എന്നാല്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും, ആരോ എവിടെയോ നിര്‍മ്മിച്ച ബോംബിന്റെ പേരില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് മാധ്യമങ്ങളാണ് എന്ന കാപ്സ്യൂള്‍ പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അവസാനിച്ചിരിക്കയാണ്. ഒരു ഭാഗത്ത് ്ബുദ്ധിഹീനരായ അനുഭാവികള്‍ ബോംബു നിര്‍മ്മിക്കുന്നു, സ്വയം പൊട്ടിമരിക്കുന്നു, ബുദ്ധിമാന്മാരായ നേതാക്കള്‍ കാപ്സ്യൂള്‍ ഉണ്ടാക്കുന്നു, അണികള്‍ കാപ്സ്യൂള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നു. ഇതാണ് കാലാകാലങ്ങളായി നടക്കുന്നത്.
ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാളുടെ കൈപ്പത്തി അറ്റു പോവുകയും ചെയ്ത സംഭവത്തില്‍ പ്രതികളായത് ഡിവൈഎഫ് ക്കാരാണ് എന്ന് അറിഞ്ഞതോടെ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും, പ്രതികളാക്കപ്പെട്ടവര്‍ രക്ഷാ പ്രവര്‍ത്തനം നടത്താനായി ഓടിയെത്തിയവരാണന്ന ന്യായവാദവുമായി എത്തി. അതുകൊണ്ട് പിന്നെ പറയുന്നത് കേട്ടല്ലേ പറ്റുള്ളൂ .. വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും നിങ്ങളുടെ ഇഷ്ടം… എന്തായാലും രക്ഷാപ്രവർത്തകനെയൊക്കെ പ്രതിയാക്കുന്നത് മോശാട്ടോ സാറേ…
നിങ്ങൾ പറയുന്നു ഞങ്ങൾ വിശ്വസിക്കുന്നു … അല്ല.. ഞങ്ങൾ കേൾക്കുന്നു,,, ചിലർ മാത്രം വിശ്വസിക്കുന്നു.. ഡിവൈഎഫ്ഐ കടുങ്ങാപ്പൊയില് യൂണിറ്റ് സെക്രട്ടറി സി സായൂജ്, മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി പിവി അമല്‍ബാബു എന്നിവരുടെ റിമാന്റ് റിപ്പോര്‍ട്ടാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്.
പൊലീസ് അന്വേഷണത്തില്‍ സി പി എം നേതാക്കള്‍ നിരത്തിയ എല്ലാ വാദങ്ങളും കള്ളമാണെന്ന് തെളിയുകയായിരുന്നു. പ്രതികള്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനും ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന്
ഭംഗം വരുത്താൻ ഉദ്ദേശിച്ചാണെന്നായിരുന്നു പൊലീസിന്റെ റിമാന്റ് റിപ്പോർട്ടിൽ പറഞ്ഞത്.
ബോംബു നിര്‍മ്മാണത്തിനിടയില്‍ സ്ഫോടനം ഉണ്ടാവുകയും അവിടേക്ക് രക്ഷാ പ്രവര്‍ത്തനം നടത്താനായി ഓടിയെത്തിയ സായൂജിന് എങ്ങിനെ പരിക്കേറ്റു എന്ന ചോദ്യത്തിന് സിപിഎം നേതാക്കള്‍ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. ഓരോ ദിവസവും ഓരോ വാദങ്ങളാണ് സിപിഎം നിരത്തുന്നത്.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയാണ് വടകരയിലും കണ്ണൂരിലും യുഡിഎഫിന്റെ പ്രചരാണായുധം. വടകരയിലെ ടിപി ചന്ദ്രശേഖരന് വധക്കേസും, മട്ടന്നൂര്‍ ചാലോട്ടെ ഷുഹൈബ് വധം, തളിപ്പറമ്പിലെ അലി ഷുക്കൂർ വധം എല്ലാം കൊണ്ട് എരിയുന്ന അടുപ്പില്‍ തീയൊഴിച്ച അവസ്ഥയിലാണ് വടകരയും കണ്ണൂരും എത്തി നില്‍ക്കുന്നത്.
അക്രമം പാര്‍ട്ടിയുടെ വഴിയല്ലെന്നും, ഒറ്റപ്പെട്ട സംഭവത്തെ പര്‍വ്വതീകരിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി വിജയിക്കാനുള്ള ശ്രമമാണെന്നൊക്കെയുള്ള ആരോപണവുമായി സിപിഎം മുന്നോട്ടേക്ക് പോകവേയാണ് പാനൂരില്‍ നിര്‍മ്മാണത്തിലിരിക്കെ ബോംബ് പൊട്ടിയതും ഒരു സിപിഎം പ്രവര്ത്തകന് മരിക്കുന്നതും.
രണ്ടു ടീമുകള്‍ തമ്മിലുള്ള കുടിപ്പകകളുടെ ഭാഗമായുള്ള സംഘര്‍ഷത്തെ രാഷ്ട്രീയമായി മാറ്റരുതെന്നാണ് സിപിഎം നേതാവും കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയുമായ എംവി ജയരാജന്റെ വാദം. ബോംബു നിര്‍മ്മാണ കേസില്‍ പ്രധാന ഉത്തരവാദിയായ ആളുടെ പിതാവുതന്നെ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് ജയരാജന്റെ വാദം.
മകന്റെ പ്രവര്‍ത്തി കുടുംബത്തിന് പോലും അംഗീകരിക്കാന്‍ പറ്റാത്തതാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നാണ് ജയരാജന്റെ കണ്ടെത്തല്‍. അച്ഛന് പറഞ്ഞാല്‍ അത് സത്യമായിരിക്കും. ബോംബുണ്ടാക്കാന്‍ പോയ മകന്റെ അച്ഛന്റെ വാക്കുകള്‍ സംഗീതം പോലെ ശ്രവിക്കുന്ന സിപിഎം സഖാക്കളെ ലാല്‍ സലാം.
കുടിപ്പകയുടെ ഭാഗമായുള്ള സംഘട്ടനങ്ങളാണ് പാനൂരില്‍ നടന്നെതന്നാണ് സിപിഎം അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ഇത് ഗുണ്ടാ സംഘമാണെങ്കില്‍ എങ്ങിനെയാണ് യുവജന വിഭാഗമായ ഡിവൈഎഫ്ഐ ഭാരവാഹികള്‍ കേസില്‍ ഉള്‍പ്പെട്ടതെന്ന് ജയരാജന് വ്യക്തമാക്കേണ്ടിവരും.
സംഭവത്തില്‍ രാഷ്ട്രീയമുണ്ടെന്ന് പറയുന്നതാണ് ഹീനമായ രാഷ്ട്രീയമെന്നാണ് ജയരാജന്റെ അഭിപ്രായം. പാനൂരില്‍ അജ്ഞാതരാണ് ബോംബ് നിര്‍മ്മിച്ചതെന്നും അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെകെ ശൈലജയെ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായും അതിന്റെ ഭാഗമായാണ് സ്ഫോടനം നടന്നതെന്നുമായിരിക്കും അടുത്ത ദിവസങ്ങളില്‍ പുറത്തുവരാന്‍ പോവുന്ന കാപ്സ്യൂള്‍.
ബോംബ് പൊട്ടി തീയൊക്കെ അണഞ്ഞെങ്കിലും, എതിർ പാർട്ടിക്കാർക്ക് വീണു കിട്ടിയ ഈ അവസരം, അങ്ങനെ ചുമ്മാ വിടാനൊന്നും അവർ സമ്മതിക്കില്ല.
എന്ത് ന്യായവാദങ്ങള്‍ നിരത്തിയാലും സിപിഎമ്മിന് എളുപ്പം കൈകഴുകി രക്ഷപ്പെടാന്‍ പറ്റാത്ത സാഹചര്യമാണ് പാനൂരില്‍ ഉണ്ടായിരിക്കുന്നത്. കണ്ണൂരിലും വടകരയിലും ബോംബിന്റെ അലയൊലികള്‍ പ്രതിധ്വനിക്കുകയാണ്. സിപിഎം അകപ്പെട്ടിരിക്കുന്ന ഈ ദുരതിക്കടലില് നിന്നും എങ്ങിനെ സ്ഥാനാര്‍ത്ഥികള്‍ നീന്തി രക്ഷപ്പെടുമെന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂ…
കാലം ഏറെ മുന്നോട്ടു പോകുമ്പോഴും അക്രമ രാഷ്ട്രീയവും ബോംബു രാഷ്ട്രീയവും ഉപേക്ഷിക്കാന്‍ സിപിഎം എന്ന പുരോഗമന പ്രസ്ഥാനത്തിന് പറ്റാത്തത് എന്തു കൊണ്ടെന്ന ചോദ്യം മാത്രം ബാക്കിയാവുന്നു.