പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നുമുതല്‍ ആരംഭിക്കും. ഗൗതം അദാനിക്കെതിരായ കൈക്കൂലി ഇടപാടും വഖഫ് ബില്ലും മണ്ണിപ്പൂര്‍ വിഷയവും അടക്കം സഭയില്‍ ചര്‍ച്ചയാകും. ബില്ലുകളില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സിപിഐഎം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി ഉള്‍പ്പെടെ കഴിഞ്ഞ സമ്മേളന കാലത്തിന് ശേഷം അന്തരിച്ച അംഗങ്ങള്‍ക്കും മുന്‍ അംഗങ്ങള്‍ക്കും അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരിക്കും ലോക്സഭാ നടപടികള്‍ ആരംഭിക്കുക.
അദാനി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. വഖഫ് ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാനാണ് സര്‍ക്കാരിന്റെ ആലോചന. വഖഫ് ബില്‍ നിലവില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെയാണ്. ജെപിസിയുടെ കാലാവധി നീട്ടണമെന്നാണ് പ്രതിപക്ഷ ആവശ്യം.
വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ട ഫണ്ട് അനുവദിക്കുന്നില്ലെന്ന വിഷയം കേരളത്തിലെ ഇടത് എംപിമാര്‍ ഉന്നയിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ മണിപ്പുര്‍ അക്രമവും പ്രശ്നപരിഹാരത്തിനുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
16 ബില്ലുകളാണ് സര്‍ക്കാര്‍ അജണ്ടയിലുള്ളത്. ഇന്ത്യന്‍ തുറമുഖ ബില്‍, പഞ്ചാബ് കോടതിബില്, രാഷ്ട്രീയ സഹകാരി വിശ്വവിദ്യാലയ ബില്‍ തുടങ്ങി അഞ്ചോളം ബില്ലുകള്‍ക്കാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്.