പത്തനംതിട്ട : പി. പി ദിവ്യയുടെ ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നവീൻ ബാബുവിന്റെ വീട് സന്ദർശിച്ചതിന് ശേഷമുള്ള പ്രതികരണത്തിലാണ് അന്നും ഇന്നും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമായിരിക്കും പാർട്ടിയെന്ന് എം.വി ഗോവിന്ദൻ പറഞ്ഞത്.
നവീൻ ബാബുവിന്റെ അപ്രതീക്ഷിതമായ മരണം കുടുംബത്തെ മാത്രമല്ല അദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്. മരണം നടക്കുമ്പോൾ പി.ബിയുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്നു. അവിടെ നിന്നാണ് സംഭവങ്ങൾ അറിയുന്നത്. തിരിച്ചെത്തിയുടൻ തന്നെ കുടുംബത്തെ സന്ദർശിക്കാൻ തീരുമാനിച്ചു. - ഗോവിന്ദൻ പറഞ്ഞു.
ഇക്കാര്യത്തിൽ പാർട്ടി രണ്ട് തട്ടിലാണെന്ന പ്രചാരണങ്ങളെ എം.വി ഗോവിന്ദൻ തള്ളിക്കളഞ്ഞു. സംഭവം അറിഞ്ഞയുടൻ എം.വി ജയരാജൻ ഉൾപ്പടെയുള്ളവർ ഇവിടെ എത്തിയിരുന്നു. ദിവ്യക്കെതിരായ പാർട്ടി നടപടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അത് പാർട്ടിക്കാര്യമാണെന്നായിരുന്നു ഗോവിന്ദൻ മാസ്റ്ററുടെ മറുപടി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു പ്രധാന ആവശ്യം. ഇത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.