പീരുമേട്: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. പീരുമേട് പാമ്പനാര്‍ സ്വദേശി സ്റ്റാന്‍സിലാവോസാണ് (68) മരിച്ചത്. കുമളിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് നിയന്ത്രണംവിട്ട് കാല്‍നടയാത്രക്കാരന്റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. ബസ് വരുന്നതുകണ്ട് ഓടി മാറാന്‍ ശ്രമിച്ച സ്റ്റാന്‍സിലാവോസിനെ ഇടിച്ച ശേഷം ബസ് മുന്‍പോട്ടുനീങ്ങി നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ലോറിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാളെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. റോഡിന്റെ വശത്തായി വലിയ കുഴിയും ഇതിന് സമീപത്തായി 11 കെവി ട്രാന്‍സ്ഫോര്‍മറും ഉണ്ടായിരുന്നു. ബസ് പിക്കപ്പില്‍ ഇടിച്ച് നിന്നതിനാല്‍ വലിയ അപകടം ഒഴിവായി.