കോഴിക്കോട് : ഡല്‍ഹിയിലായിരുന്നപ്പോള്‍ ഹിന്ദു പത്രത്തിന് താനൊരു അഭിമുഖം കൊടുത്തുവെന്നും എന്നാല്‍ അതില്‍ പറയാത്ത കാര്യങ്ങള്‍ പത്രം പ്രസിദ്ധീകരിച്ചതാണ് വിവാദത്തിലേയ്ക്ക് എത്തിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
ഞാന്‍ പറയാത്തൊരു ഭാഗം അവരുടെ ഭാഗത്തുനിന്നും കൊടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും, അവര്‍ക്ക് എങ്ങനെയാണ് ഇത്തരത്തിലൊരു തെറ്റ് സംഭവിച്ചതെന്ന് രേഖാമൂലം ചോദിച്ചിട്ടുണ്ട്. വീഴ്ച പറ്റിയെന്ന് അവര്‍ സമ്മതിച്ചു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഏതെങ്കിലുമൊരു ജില്ലയെ മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന സമീപനം എന്റെ ഭാഗമായി ഉണ്ടായിട്ടില്ല.
മാധ്യമങ്ങളെ കാണുന്നതും സംസാരിക്കുന്നതും ഇത് ആദ്യമായല്ലല്ലോ. ജനങ്ങളില്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗങ്ങളെ കുറ്റപ്പെടുത്ത സമീപനം ഉണ്ടാവാറില്ല. വര്‍ഗീയതയെ എല്ലാ കാലത്തും ശക്തമായി എതിര്‍ത്തിട്ടുണ്ട്. വര്‍ഗീയ ശക്തി എന്നു പറയുന്നത് ഏതെങ്കിലും ഒരു മതവിഭാഗത്തേയല്ല. ഭൂരിപക്ഷ വര്‍ഗീയതേയും ന്യൂനപക്ഷ വര്‍ഗീയതേയും എതിര്‍ക്കാറുണ്ട്. അതുകൊണ്ട് ഏതെങ്കിലും ഒരു വിഭാഗത്തെ എതിര്‍ക്കുന്നു എന്നല്ല.

സ്വര്‍ണക്കടത്തുമായുള്ള വിവാദം ഉയര്‍ന്നുവന്നു. മലപ്പുറം ജില്ലയിലെ കരിപ്പൂരിലുള്ള എയര്‍പോര്‍ട്ട് വഴി നടത്തുന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ അതെങ്ങനെയാണ് മലപ്പുറത്തെ ആകമാനം ബാധിക്കുന്നത്. 147 കിലോ ഗ്രാം സ്വര്‍ണത്തില്‍ 124 കിലോഗ്രാം സ്വര്‍ണവും വന്നിരിക്കുന്നത്, കരിപ്പൂര്‍ വിമാനത്താവണം വഴിയാണ്. 2022 ല്‍ 73.31 കിലോ ഗ്രാം സ്വര്‍ണമാണ് പിടിച്ചത്.
2023 ല്‍ 32.8 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. 2024 ല്‍ 17 കിലോ ഗ്രാമില്‍ അധികം സ്വര്‍ണം പിടികൂടി. 123 .99 കിലോ ഗ്രാം സ്വര്‍ണമാണ് മൊത്തം പിടികൂടിയത്. 69 കോടി രൂപയുടെ സ്വര്‍ണം. സംസ്ഥാനത്ത് പിടികൂടിയത് ഇവിടെയാണ് എന്നത് വസ്തുതയാണ്. ഹവാല പണം പിടിച്ച 122 കോടി രൂപയില്‍ 87 കോടി രൂപ മലപ്പുറത്തുനിന്നാണ് പിടികൂടിയത്.
തെറ്റായ രീതിയില്‍ ഇതിനെ പ്രചരിപ്പിക്കുകയാണ്. ഹവാല പണം പിടിക്കുമ്പോള്‍ എന്തിനാണ് ചിലര്‍ക്ക് പൊള്ളുന്നത്. ഇത് നടക്കാന്‍ പാടില്ലാത്തതാണല്ലോ. നിയമ സംവിധാനത്തില്‍ പാളിച്ചയുണ്ടെങ്കില്‍ അക്കാര്യമല്ലേ പറയേണ്ടത്. പൊലീസ് ഇതിലൊന്നും നടപടി എടുക്കേണ്ടതില്ല എന്നാണോ പറയുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല.
തെറ്റായ നടപടികള്‍ അംഗീകരിക്കില്ല. അക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ ഉണ്ടാവും. ഹവാലയും സ്വര്‍ണക്കടത്തും തടയാനുള്ള ഉത്തരവാദിത്വം പൊലീസിനുണ്ട്. അതിനാല്‍ നടപടികള്‍ തുടരും. ഇത്തരം സംവിധാനങ്ങള്‍ തകിടം മറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് എന്തിനുവേണ്ടിയാണ്. ആരാണ് പിറകില്‍ എന്നൊക്കെ മനസിലാക്കാന്‍ കഴിയും.
സി പി എമ്മിന് അതിന്റേതായ സംഘടനാ സംവിധാനം ഉണ്ട്. ആ ചട്ടക്കൂട്ടില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. വഴിയില്‍ നിന്ന് വായില്‍തോന്നിയത് പറഞ്ഞാല്‍ അതിന്റെ പേരില്‍ നടപടിയെടുക്കില്ല. തെറ്റ് അംഗീകരിക്കാന്‍ ഒരിക്കലും തയ്യാറല്ലാത്ത പാര്‍ട്ടിയാണ് സി പി എം. ഗൂഢലക്ഷ്യം വേറെയാണെങ്കില്‍ അതിന് വേറെ വഴി നോക്കണം. വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് ശ്രമം.
അത് ഇവിടെ നടക്കില്ല, ഏത് പക്ഷത്തേയാണ് കൂടെ കൂട്ടാന്‍ ശ്രമിക്കുന്നത്, അവര്‍ തന്നെ ആദ്യം തള്ളി പറയും. അതാണ് അനുഭവം. മലപ്പുറത്തിന്റെ മതേതര മനസ് എല്ലാകാലത്തും വ്യക്തമായ നിലപാട് സ്വീകരിച്ചവരാണ്. വര്‍ഗീയതയോട് വിട്ടുവീഴ്ച ഒരിക്കലും ഉണ്ടാവില്ല. വര്‍ഗീയ ശക്തി കൂടെ ഉണ്ടെന്നു കരുതി നാക്ക് വാടകയ്ക്ക് കൊടുത്ത് എന്തെങ്കിലും വിളിച്ചുപറയാം എന്നു കരുതരുത്. – മുഖ്യമന്ത്രി പറഞ്ഞു.