പെരിയ ഇരട്ടക്കൊലക്കേസ് കോടതിവിധി സിപിഎമ്മിന്റെ മസ്തിഷ്കത്തിന് വീണ്ടുമേറ്റ കനത്ത പ്രഹരമാണെന്ന് കെ കെ രമ എംഎൽഎ. ഭരണകൂട ഭീകരതയ്ക്കെതിരായ ജനാധിപത്യത്തിന്റെ വിജയമാണിത്.
സർക്കാർ രാജിവെച്ച് ജനവിധി തേടണം. സിപിഎമ്മിന്റെ എല്ലാ വാദങ്ങളും കള്ളമെന്ന് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുന്നു. ഇതൊരു സാധാരണ കേസ് ആയിരുന്നില്ല. ഭരണം ഉണ്ടെന്ന ഹുങ്കുകൊണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണ്. എല്ലാ കൊലക്കേസുകളിലും സർക്കാരാണ് വാദി.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സമാശ്വാസവും കരുത്തും പകരേണ്ടതും അവർക്കുവേണ്ടി നിയമ യുദ്ധം നടത്താനുമുള്ള ബാധ്യത സർക്കാരിലുണ്ട്. എന്നാൽ എൽഡിഎഫ് സർക്കാർ അത് നിർവഹിച്ചില്ല എന്ന് മാത്രമല്ല. സിബിഐ അന്വേഷണം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി വരെ ചോദ്യം ചെയ്തതും അതിനുവേണ്ടി പൊതു ഖജനാവിൽ നിന്ന് കോടികൾ മുടക്കിയ നിയമ യുദ്ധത്തിലേക്ക് കുടുംബത്തെ തള്ളി വിട്ടതും സർക്കാരാണ്. അങ്ങനെ സർക്കാരിന് കൂടി പരോക്ഷ പങ്കാളിത്തമുള്ള കുറ്റകൃത്യമായി മാറി ഈ ദാരുണസംഭവം. അതുകൊണ്ടുതന്നെ ഈ കോടതി വിധി വാസ്തവത്തിൽ സർക്കാരിനെതിരായ കോടതി വിധി കൂടിയാണെന്നും അവർ കൂട്ടിച്ചേർത്തു.