കാസര്‍കോട്: പെരിയ ഇരട്ട കൊലക്കേസില്‍ സിബിഐ കോടതി നാളെ വിധി പറയും. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. കേസില്‍ തങ്ങളോടൊപ്പം നിന്ന അഡ്വ. സി കെ ശ്രീധരന് പിന്നീട് പ്രതികള്‍ക്ക് വേണ്ടി വാദിക്കാനെത്തിയത് വലിയ ചതിയായെന്ന് ശരത് ലാലിന്റെ അച്ഛന് സത്യനാരായണന് പറഞ്ഞു.
സിബിഐ അന്വേഷണം വന്നശേഷം ഒമ്പത് പ്രതികള്‍ കൂടി കേസില്‍ വന്നു. ഇതോടെ കൂടുതല്‍ പ്രതികളുണ്ടെന്ന് വ്യക്തമായി. അവസാനഘട്ടത്തിലാണ് സികെ ശ്രീധരന് എന്ന അഭിഭാഷകനെ വിലക്കെടുത്തത്. നല്ലൊരു വിധി വന്നാല്‍ സികെ ശ്രീധരന്റെ വക്കീല്‍ പണി ഇതോടെ അവസാനിക്കുമെന്നും സത്യനാരായണന് പറഞ്ഞു.
2019 ഫെബ്രുവരി 17-നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും പതിയിരുന്ന അക്രമിസംഘം വെട്ടി വീഴ്ത്തി. കൃപേഷ് സംഭവ സ്ഥലത്തും ശരത് ലാല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. സിപിഎം നേതാക്കളാണ് കേസിലെ പ്രതികള്‍. പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.