ഷാർജ: പെറുക്കി എന്ന വാക്കിന് താൻ കൊടുക്കുന്ന അർത്ഥം ഒരു നിയമവ്യവസ്ഥക്കുള്ളിൽ നിൽക്കാത്തയാൾ എന്നാണെന്ന് എഴുത്തുകാരൻ ജയമോഹൻ. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മലയാളി യുവാക്കളെ പെറുക്കി എന്ന് വിളിച്ച് ആക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവരാണ്. തമിഴരെയും താൻ വിമർശിച്ചിട്ടുണ്ട്. മലയാളി എഴുത്തുകാർ തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണ്. എഴുത്തുകാരൻ എന്ന നിലയിൽ തനിക്ക് ആരുടേയും അംഗീകാരം വേണ്ട. ആര് എന്ത് പറഞ്ഞാലും യാതൊരു പ്രശ്നവുമില്ല.
തമിഴ്നാട്ടിൽ ഏത് കാട്ടിലും ലിക്കർ നിയമപരമല്ല. നിയമപരമല്ലാതെ കാട്ടിൽ ഇതൊക്കെ ചെയ്യുന്നവരെ പ്രകീർത്തിച്ച് നായകൻമാരാക്കി ഒരു സിനിമ പിടിക്കുക അതിനെ സാമാന്യവൽക്കരിക്കുക എന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുക തന്നെയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കൂടുതൽ മലയാളികൾ ബോട്ടിൽ എറിയുന്നത് പ്രശ്നമാണെന്ന് മനസ്സിലാക്കിയല്ലോ, അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.