കൊല്ലം: സിപിഎമ്മിന്റെ സർവ്വാധിപതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ടാണ് സംസ്ഥാന സമ്മേളനത്തിന്റെ കൊടിയിറക്കം. അദ്ദേഹത്തോളം മറ്റൊരു നേതാവിനും സിപിഎം രാഷ്ട്രീയത്തിൽ പ്രാധാന്യമൊന്നും തെല്ലും ഇല്ലെന്ന് കൂടി ഈ സമ്മേളനം കൊണ്ടെങ്കിലും പൊതുസമൂഹവും മാധ്യമങ്ങളും തിരിച്ചറിയേണ്ടതുണ്ട്. പിണറായി വിജയന് ചുറ്റും നിൽക്കുന്നവരും അദ്ദേഹത്തിന്റെ അനിഷ്ടത്തിന് പാത്രമാവാത്തവരുമാണ് സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അപ്രീതിക്ക് ഇടവരുത്തിയവരാരും തന്നെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പോയിട്ട് സമിതിയിൽ പോലും ഉൾപ്പെട്ടിട്ടില്ല എന്ന കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. അത്രമേൽ പവർഫുൾ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റിൽ പിണറായി വിജയൻ എന്ന സഖാവ്.
സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദൻ തന്നെ തുടരുമ്പോഴും കരട് പിണറായി വിജയന്റെ കൈകളിൽ തന്നെയാകും. പാര്‍ട്ടിയെന്നാൽ പിണറായിയെന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന് പോലും മറ്റൊരു അഭിപ്രായമില്ല. തൊഴിലാളി പാര്‍ട്ടിയെന്ന അടിസ്ഥാന സ്വഭാവത്തിൽ നിന്ന നവ ഉദാരവത്കരണ നയങ്ങളിലേക്കുള്ള സിപിഎമ്മിന്റെ കൂടുമാറ്റത്തിനും കൊല്ലം സമ്മേളനത്തിൽ പിണറായി വിജയൻ അസ്ഥിവാരമിടുകയായിരുന്നു. സർക്കാരിനെയും പാർട്ടിയും എല്ലാം ഒരാൾക്ക് തന്നെ ഹൈജാക്ക് ചെയ്യുവാൻ കഴിയുക എന്നത് തന്നെയാണ് പിണറായി വിജയനെന്ന നേതാവിന്റെ കരുത്തെന്ന് പറയാം. സംസ്ഥാന സമിതിയില്‍ ആകെ 89 അംഗങ്ങളാണുള്ളത്. 17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് അഴിച്ചുപണി. സെക്രട്ടറിയായി എം വി ഗോവിന്ദന്റെ പേര് സംസ്ഥാന സമിതി നിര്‍ദ്ദേശിക്കും. മന്ത്രി ആര് ബിന്ദുവിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. മന്ത്രി വീണ ജോര്‍ജ് ക്ഷണിതാവായി തുടരും. ഇ പി ജയരാജനും, ടി പി രാമകൃഷ്ണനും തുടരും. അഞ്ച് പുതിയ ജില്ലാ സെക്രട്ടറിമാരെയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി.
വയനാട് ജില്ലാ സെക്രട്ടറിയായ കെ റഫീഖ്, മലപ്പുറം ജില്ലാ സെക്രട്ടറിയായ വി.പി അനില്‍, തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായ കെ വി അബ്ദുല്‍ ഖാദര്‍, കാസര്‍കോട് ജില്ലാ സെക്രട്ടറിയായ എം രാജഗോപാല്‍, കോഴിക്കോട് ജില്ലാ സെക്രട്ടറിയായ എം മെഹബൂബ് എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. ആറ് ജില്ലാ സെക്രട്ടറിമാരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രാജു എബ്രഹാം നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായ കണ്ണൂരില്‍ നിന്നുള്ള വി കെ സനോജ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, കോഴിക്കോട് നിന്നുള്ള വി വസീഫ് എന്നിവര്‍ ഇത്തവണ സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തി. ആലപ്പുഴയില്‍ നിന്ന് കെ പ്രസാദ്, വാമനപുരം എംഎല്‍എ ഡി കെ മുരളി, കോട്ടയത്ത് ജില്ലാ സെക്രട്ടറി സാധ്യതയുള്ള ടി ആര് രഘുനാഥന്, പാലക്കാട് നിന്ന് കെ ശാന്തകുമാരി എന്നിവരെ ഉള്‍പ്പെടുത്തി. സംസ്ഥാന സമിതിയിലെ സ്ഥരം ക്ഷണിതാക്കളായ ജോണ്‍ ബ്രിട്ടാസും ബിജു കണ്ടക്കൈയും സംസ്ഥാന സമിതിയിലെത്തി. കരുനാഗപ്പള്ളിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയുടെ ഭാഗമായി സൂസന് കോടിയെ ഒഴിവാക്കി. 17 അംഗ സെക്രട്ടറിയേറ്റില്‍ കെകെ ശൈലജ, എംവി ജയരാജന്, സിഎന്‍ മോഹനന് എന്നിവരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എംബി രാജേഷ്, പി ജയരാജന്, കടകംപള്ളി, ഉദയഭാനു, പി ശശി എന്നീ നേതാക്കള്‍ പരിഗണിക്കപ്പെട്ടില്ലെന്നത് ശ്രദ്ധേയം തന്നെ.