കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശുമായി ബന്ധുപ്പെട്ടുയര്ന്ന ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിന്റെ മൊഴി വിശ്വാസത്തില്‍ എടുത്ത് പൊലീസ്. പ്രയാഗ മാര്‍ട്ടിനെ രണ്ടു മണിക്കൂറിലേറെയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗ പറഞ്ഞിരുന്നു. എന്നാല്‍ ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശ്രീനാഥ് ഭാസിയുടെയും ബിനു ജോസഫിന്റെയും സാമ്പത്തിക ഇടപാടുകളിലും പൊലീസിന് സംശയമുണ്ട്.
സുഹൃത്ത് വഴിയാണ് ഹോട്ടലില്‍ എത്തിയതെന്നും ഓം പ്രകാശിനെ പരിചയമില്ലെന്നുമാണ് ഇരുവരും നല്കിയ മറുപടി. ഇരുവരുടെയും മൊഴി വിശദമായി പരിശോധിക്കും. എളമക്കര സ്വദേശി ബിനു ജോസഫ് ആണ് താരങ്ങളെ ഹോട്ടലില്‍ എത്തിച്ചത് എന്നാണ് പൊലീസ് കണ്ടെത്തല്‍. രാസപരിശോധനയ്ക്ക് സാമ്പിള്‍ ശേഖരിക്കാന്‍ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. ഓം പ്രകാശിനായി ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത ബോബി ഛലപതിയെയും ഉടന്‍ ചോദ്യം ചെയ്യും.