പ്രത്യയശാസ്ത്രത്തെ പറ്റിയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ പറ്റിയും ഊക്കം കൊള്ളാറുള്ള സിപിഎം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യച്യുതിയോടെയാണ് കടന്നു പോകുന്നത്. ഒരു കാലഘട്ടത്തോളം വലിയൊരു പ്രത്യയശാസ്ത്ര മുന്നേറ്റമായി നിലകൊണ്ട സിപിഎം ഇന്ന് വലതുപക്ഷ വ്യതിയാനങ്ങളിലൂടെ സഞ്ചരിക്കുകയാണ്. കേവലം ആൾക്കൂട്ടമായി സിപിഎമ്മും മാറുകയാണ്.
ഇഎംഎസിനെയും നയനാരെയും അച്യുതാനന്ദനെയും പോലെയുള്ള മഹാരഥന്മാർ സിപിഎമ്മിനെ ആശയപരമായ മുന്നേറ്റങ്ങളിലൂടെ നയിച്ചുവെങ്കിൽ ഇന്നത്തെ നേതാക്കൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മരണമണി മുഴക്കുകയാണ്. ചരിത്രത്തിന്റെ ഏടുകളിൽ ഒരുപിടി മഹത്തായ നേതാക്കന്മാർ സിപിഎമ്മിന് ഉണ്ടായിട്ടുണ്ടെങ്കിലും ഒരു കാലഘട്ടത്തിലും പാർട്ടി നേതാക്കളിലേക്ക് ചുരുങ്ങിയിട്ടില്ല. എപ്പോഴും പാർട്ടിയുടെ പ്രത്യയശാസ്ത്രവും ആശയസംഹിതയും ആയിരുന്നു സിപിഎം ഉയർത്തിക്കാട്ടിയിരുന്നത്. ഇന്ന് കാലം അതല്ല. പാർട്ടിക്കുമേൽ നേതാക്കൾ ഇന്ന് സിപിഎമ്മിൽ വളർന്നു കഴിഞ്ഞിരിക്കുന്നു. നേതാക്കൾ പറയുന്നതുപോലെ പാർട്ടി സഞ്ചരിക്കുന്നു. പഴയ ഉറച്ച ആശയങ്ങളിൽ കാതലായ വ്യതിയാനങ്ങൾ ഇന്ന് സംഭവിച്ചിരിക്കുന്നു. ഒരു കാലഘട്ടത്തോളം വിട്ടുവീഴ്ച ചെയ്യാതിരുന്ന പല തീരുമാനങ്ങളിലും ഇന്ന് വിട്ടുവീഴ്ചകൾ സംഭവിച്ചിരിക്കുന്നു.
കാരണഭൂതന് പുറമേ മുഖ്യമന്ത്രി പിണറായി വിജയനെ ആവോളം പുകഴ്ത്തി ഫിനിക്സ് പക്ഷി ഗാനം പുറത്തുവന്നിരിക്കുകയാണ്. മുൻപ് പാർട്ടി സെക്രട്ടറിയായിരിക്കെ അന്ന് കണ്ണൂരിലെ സിപിഎമ്മിന്റെ നേതാവായ പി ജയരാജനുമായി ബന്ധപ്പെട്ട് സ്തുതി ഗീതം പുറത്തുവന്നപ്പോൾ ശക്തമായി പ്രതികരിച്ച പിണറായി വിജയൻ ഇന്ന് തന്റെ പേരിൽ പുറത്തിറങ്ങിയ സ്തുതി ഗീതത്തിൽ ആനന്ദം കണ്ടെത്തുകയാണ്. 2017ൽ ജയരാജനെ പുകഴ്ത്തി പുറച്ചേരി ഗ്രാമീണ കലാസമിതി പുറത്തിറക്കിയ ‘കണ്ണൂരിന്റെ ഉദയസൂര്യൻ’ എന്ന സംഗീത ആൽബം വിവാദത്തിനിടയാക്കിയിരുന്നു. പി ജയരാജനെ പുകഴ്ത്തി പാടിയതിനെതിരെ പാർട്ടി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. മൂന്ന് വർഷം മുമ്പ് തിരുവനന്തപുരം സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയിൽ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വിവാദമായിരുന്നു. ‘കാരണഭൂതൻ’ തിരുവാതിരയ്ക്ക് സമാനമാണ് പുതിയ ‘ചെമ്പടയ്ക്ക് കാവലാൾ’ എന്ന് തുടങ്ങുന്ന പാട്ടെന്നും വിമർശനമുയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് പുതിയ പാട്ട് ഇറക്കിയത്. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഉദ്ഘാടനത്തിൽ ഈ പാട്ട് ആലപിക്കുകയും ചെയ്തു. ധനകാര്യ വകുപ്പിലെ പൂവത്തൂർ ചിത്രസേനൻ രചിച്ച പാട്ടിന് നിയമവകുപ്പിലെ സെക്ഷൻ ഓഫീസർ കെ എസ് വിമലാണ് സംഗീതം നൽകിയത്.
സമരധീര സാരഥിയെന്നും കാവലാളെന്നും ഫീനിക്സ് പക്ഷിയെന്നും പടനായകനെന്നുമെല്ലാം പാട്ടിൽ മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള പാട്ട് പി ജയരാജന് പിടിച്ചിട്ടില്ല. പിണറായി സ്തൂതി അവതരിപ്പിക്കുന്ന സമയത്ത് ‘ചങ്കിലെ ചെങ്കൊടി’യെന്ന വിപ്ലവഗാനം ഫെയ്സ്ബുക്കിൽ പങ്കുവെച്ച പി ജയരാജൻ പ്രകടിപ്പിച്ചത് അമർഷമെന്നാണ് വിലയിരുത്തൽ. പാട്ട് ഷെയർ ചെയ്തു എന്നത് യാഥാർഥ്യമാണെന്നും വിശകലനങ്ങളിൽ കാര്യമില്ലെന്നും പി ജയരാജൻ ചോദ്യത്തിന് മറുപടിയായി പറയുമ്പോഴും സോഷ്യൽ മീഡിയയിൽ പിജെയുടെ നടപടിയിൽ ചർച്ച സജീവമാണ്. മുഖ്യമന്ത്രിക്ക് വ്യക്തമായ സന്ദേശമാണ് പിജെ നൽകിയതെന്ന് തന്നെയാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പാർട്ടി സമ്മേളനത്തിൽ വ്യക്തിപൂജയ്ക്ക് പുതിയ വ്യാഖ്യാനം നൽകുമെന്നും സൂചനയുണ്ട്. മാറുന്ന രാഷ്ട്രീയ കാലത്ത് നേതാക്കളെ ഉയർത്തിക്കാട്ടേണ്ടത് അനിവാര്യതയാണ്. അതിന് വേണ്ടി ചെറിയ പുകഴ്ത്തലുകൾ ആകാമെന്ന നിലപാടിലേക്ക് സിപിഎം എത്തിയേക്കും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് സ്തുതി ഗീതമെഴുതിയ കവിക്ക് സർക്കാർ സഹായം നൽകിയതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ക്ലറിക്കൽ അസി. വിരമിച്ച ചിത്ര സേനന് ധനവകുപ്പിൽ സ്പെഷ്യൽ മെസഞ്ചറായി നിയമനം നൽകുകയായിരുന്നു.
ഇയാളുടെ നിയമനത്തിലും ദുരൂഹതയുണ്ടെന്ന വിവരവും പുറത്തുവന്നു. പുനർ നിയമനം ആവശ്യപ്പെട്ട് ചിത്ര സേനൻ അപേക്ഷ നൽകുന്നത് കഴിഞ്ഞ വർഷം ഏപ്രിൽ 25 നാണ്. നിയമനം നൽകി ഉത്തരവിറക്കിയത് ഏപ്രിൽ 24നും. അപേക്ഷ നൽകുന്നതിന് മുമ്പ് ദിവസ വേതന നിയമനം നൽകിയിരുന്നു. അതേസമയം, ഇയാളുടെ ഫയൽ നീക്കിയത് ഇടതു സംഘടനാ സെക്രട്ടറിയായ ഉദ്യോഗസ്ഥനാണെന്നും പുറത്തുവന്നിട്ടുണ്ട്. സിപിഎമ്മിനുള്ളിൽ ഒട്ടേറെ വിഭാഗീയത നിലനിൽക്കുന്ന കാലത്താണ് സ്തുതി ഗാനങ്ങൾ കൂടുതൽ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നത്. സംസ്ഥാന സമ്മേളനം കൂടി വരാനിരിക്കെ ഇപ്പോഴത്തെ തർക്കങ്ങൾ ഏതുതരത്തിൽ മാറും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.