കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുക്കാൻ സി.പി.എം. പ്രമോദ് കോട്ടൂളിയെ സി.പി.എം പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കും. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ നീക്കും. റിയൽ എസ്റ്റേറ്റ് ബിനാമി ബന്ധങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നുചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഉയർന്ന ആരോപണം.
സംഭവം വിവാദമായതിനെ തുടർന്ന് ഇയാൾക്കെതിരായ നടപടി സംബന്ധിച്ച് ചർച്ചചെയ്യുന്നതിന് ഇന്ന് ജില്ലാ കമ്മിറ്റി യോഗം ചേർന്നിരുന്നു. പ്രമോദ് കോട്ടൂളിയെ പുറത്താക്കാനുള്ള ജില്ലാ സെക്രട്ടേറിയേറ്റിന്റെ തീരുമാനമാണ് ജില്ലാ കമ്മറ്റി ചർച്ചചെയ്തത്.
പ്രമോദ് കോട്ടൂളിയെ പുറത്താക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസിനെ അനുകൂലിക്കുന്ന വിഭാഗം ജില്ലാ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാല്‍, ജില്ലാ കമ്മിറ്റിയിലെ മറ്റുചില അംഗങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് ബന്ധമുണ്ടെന്നും അക്കാര്യത്തിലും കമ്മിറ്റി അഭിപ്രായം പറയണമെന്നും മറുവിഭാഗവും ആവശ്യം ഉന്നയിച്ചിരുന്നു.