പട്ന: കഴിഞ്ഞ മാസം ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബിപിഎസ്സി) നടത്തിയ പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജൻ സൂരജ് സ്ഥാപകൻ പ്രശാന്ത് കിഷോർ മരണം വരെ നിരാഹാര സമരം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. പരീക്ഷ റദ്ദാക്കണം, പുതിയ പരീക്ഷ വീണ്ടും നടത്തണം എന്നിവയാണ് ആവശ്യങ്ങൾ. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ആരോപിച്ചാണ് പ്രതിഷേധം.
ഡിസംബർ 13ന് നടന്ന ബിപിഎസ്സി പ്രിലിമിനറി പരീക്ഷയിൽ ക്രമക്കേടുണ്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ചയോളമായി ഉദ്യോഗാർത്ഥികൾ പ്രതിഷേധത്തിലാണ്. അതിനിടെയാണ് പ്രശാന്ത് കിഷോർ ഐക്യദാർഢ്യവുമായി മുന്നോട്ട് വന്നത്. പ്രശാന്ത് കിഷോർ സമരമിരിക്കുന്നത് പട്നയിലെ ഗാന്ധി മൈതാനത്താണ്.പരീക്ഷ റദ്ദാക്കണമെന്ന് പ്രശാന്ത് കിഷോർ നേരത്തെ ബിഹാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുകൂല തീരുമാനം ഉണ്ടാവാതിരുന്നതിനെ തുടർന്നാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്.
സർക്കാർ വിദ്യാർത്ഥികളെ വഞ്ചിച്ചെന്നും സമരം ചെയ്യുന്ന വിദ്യാർത്ഥികളെ കാണാൻ പോലും മുഖ്യമന്ത്രി നിതീഷ് കുമാർ തയ്യാറായില്ലെന്നും പ്രശാന്ത് കിഷോർ വിമർശിച്ചു.ചോദ്യപേപ്പർ ചോർച്ചയിൽ ഉന്നത തല അന്വേഷണം നടത്തണമെന്നും പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടു.