പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ഏകദേശം രണ്ട് ലക്ഷത്തോളം ഭക്തരെയാണ് മകരവിളക്കിന് പ്രതീക്ഷിക്കുന്നതെന്നും സുരക്ഷാ ഒരുക്കം പൂര്‍ത്തിയായെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. പൊലീസ്, വനം വകുപ്പ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് തുടങ്ങിയവരുടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്. ഭക്തരുടെ സുരക്ഷ, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയ്ക്ക് സുസജ്ജമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 10 മുതൽ നിലക്കലിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടാകില്ല. കൂടാതെ നാളെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5: 30 വരെ പമ്പയിൽ നിന്ന് ഭക്തരെ ശബരിമല സന്നിധാനത്തേക്ക് കടത്തിവിടില്ല. ശബരിമലയിലുള്ള തീര്‍ത്ഥാടകര്‍ മകരവിളക്ക് ദര്‍ശനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന മുറക്കായിരിക്കും പമ്പയിൽ നിന്ന് ആളുകളെ കടത്തിവിടുക.തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ക്രമീകരണം ഏര്‍പ്പെടുത്തിയത്.
കുട്ടികളും പ്രായമായവരും 14ന് സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കണമെന്നും പിഎസ് പ്രശാന്ത് അഭ്യര്‍ത്ഥിച്ചു. അതെസമയം ജനുവരി 15,16,17 തീയതികളിൽ തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ ദര്‍ശിക്കാൻ ഭക്തര്‍ക്ക് അവസരമുണ്ടാകും. തിരുപ്പതിയിൽ നടന്നപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.