രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൗറീഷ്യസിലെത്തി. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രംഗൂലത്തിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷങ്ങളിലും ഉന്നത നേതാക്കളുമായുള്ള ചർച്ചകളിലും മോദി പങ്കെടുക്കും.
ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലും ഇന്ത്യന്‍ വ്യോമസേനയുടെ ആകാശ് ഗംഗ സ്കൈഡൈവിംഗ് ടീമും മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ-മൗറീഷ്യസ് ബന്ധങ്ങളില്‍ മികച്ച ഒരു അദ്ധ്യായം അടയാളപ്പെടുത്താന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യന്‍ സമൂഹവുമായി ഇടപഴകുകയും ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച സിവില്‍ സര്‍വീസ് കോളേജ്, ഒരു ഏരിയ ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. പ്രധാനമന്ത്രി ഇത് രണ്ടാം തവണയാണ് മൗറീഷ്യസ് സന്ദര്‍ശിക്കുന്നത്. മൗറീഷ്യസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. ഈ ദ്വീപ് രാജ്യത്തിലെ ആകെ ജനസംഖ്യ 12 ലക്ഷം മാത്രമാണ്. ഇതില്‍ 70 ശതമാനവും ഇന്ത്യന്‍ വംശജരാണ്.