പ്രിത്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ എംമ്പുരാൻ റിലീസിനെത്തിയതിന് പിന്നാലെ വിമർശനങ്ങളും വിവാദങ്ങളും ഒഴിയാതെ പിന്തുടരുകയാണ് . സിനിമയുടെ ചില ഉള്ളടക്കത്തെയും ,പരാമർശങ്ങളെയും ഉയർത്തിക്കാട്ടിയാണ് ഒരു വിഭാഗം വിമർശനങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ വിവാദങ്ങൾ ഉയരുന്നതിന് പിന്നാലെ പ്രതികരണവുമായി ചിത്രത്തിലെ നായകനായ മോഹൻലാൽ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട് എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു .
അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു എന്നും മോഹൻലാൽ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു . മോഹൻലാലിന് പിന്നാലെ ഈ പോസ്റ്റ് പൃഥ്വിരാജ് പങ്കുവെച്ചിരുന്നു . എന്നാൽ ഇതിന് പിന്നാലെ പ്രിത്വിരാജിനും വിമർശങ്ങൾ ഉയരുകയാണ്. അതേസമയം ചിത്രത്തിനെതിരെ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. വിവാദങ്ങൾ ഒരു വശത്ത് ആളിപടരുന്നുണ്ടെങ്കിലും ചിത്രം ബോക്സ് ഓഫീസില്‍ വലിയ കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. റിലീസിന്റെ ആദ്യ രണ്ട് ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.