കൂത്തുപറമ്പിലെ രക്തസാക്ഷികൾ സിപിഎമ്മിന് എല്ലാകാലത്തും അവരുടെ രാഷ്ട്രീയ വഴികളിലെ കരുത്തും ഊർജ്ജവും ആയിരുന്നു. 30 വർഷങ്ങൾക്ക് മുൻപ് പരിയാരം സഹകരണ മെഡിക്കൽ കോളേജിനെ സ്വകാര്യ മെഡിക്കൽ കോളേജാക്കി മാറ്റുന്നു എന്ന് ആരോപിച്ച് ഡിവൈഎഫ്ഐ സമരം നടത്തിയത്. ആ സമരത്തിൽ അഞ്ച് പേർ രക്തസാക്ഷികളാവുകയും പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായി മാറുകയും ചെയ്തു. അന്നത്തെ വെടിവെപ്പിന്റെ വേദനയും പേറി പതിറ്റാണ്ടുകൾ ജീവിച്ച പുഷ്പൻ ഈ അടുത്താണ് മരണത്തിലേക്ക് വീണുപോയതും. ഇന്നിപ്പോൾ വിദേശ സർവകലാശാലകൾക്ക് സിപിഎം പച്ചക്കൊടി കാണിക്കുമ്പോൾ കൂത്തുപറമ്പിലെ സമരം എന്തിനായിരുന്നുവെന്നാണ് പാർട്ടിക്ക് നേരെ ഉയരുന്ന ചോദ്യം. വർഷങ്ങൾക്ക് മുൻപ് പരിയാരം സഹകരണ മെഡിക്കൽ കോളേജിനെ അട്ടിമറിച്ച് സ്വകാര്യ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐ തെരുവിലിറങ്ങിയത്. 1994 നവംബർ 25ന് കൂത്തുപറമ്പ് അർബൻ ബാങ്കിന് മുന്നിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ റോഷൻ, ബാബു, ഷിബുലാൽ, രാജീവൻ, മധു എന്നീ അഞ്ച് പേർ പൊലീസിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടു.
നട്ടെല്ലിന് വെടിയേറ്റ പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായി. ചോരയുടെ മണം പേറുന്ന ആ ചരിത്രത്തിൻ്റെ 30 വർഷങ്ങൾക്കിപ്പുറം ഇടതുപക്ഷ സർക്കാർ വിദേശ സർവകലാശാലകൾക്ക് സംസ്ഥാനത്ത് പരവതാനി വിരിക്കുകയാണ്. മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ സ്വകാര്യ മൂലധനം സ്വീകരിക്കാമെന്ന് അന്നത്തെ യുവജന നേതാവും ഇന്നത്തെ പാർട്ടി സെക്രട്ടറിയുമായ എം വി ഗോവിന്ദൻ ന്യായീകരിക്കുമ്പോൾ എന്തിനായിരുന്നു അഞ്ച് ചെറുപ്പക്കാരുടെ ജീവൻ കുരുതി കൊടുത്തതെന്നാണ് ഉയരുന്ന മറുചോദ്യം. പഴയ എതിര്‍പ്പുകളെല്ലാം മാറ്റിവെച്ചാണ് സിപിഎം സ്വകാര്യ സര്‍വ്വകലാശാലക്ക് പച്ചക്കൊടി നല്കാന് തീരുമാനിച്ചത്. സ്വകാര്യ സർവകലാശാല ബില്ലില്‍ എതിര്‍പ്പും ആശങ്കയും അറിയിച്ചു സിപിഐ രംഗത്ത് വന്നിരുന്നു. ബില്ലില്‍ കൂടുതല്‍ ചര്‍ച്ചയും പഠനവും ആവശ്യമാണെന്ന് മന്ത്രിസഭാ യോഗത്തില്‍ പി പ്രസാദ് ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസമന്ത്രി യോഗത്തില്‍ പങ്കെടുക്കാത്ത സാഹചര്യം കൂടി കണക്കിലെടുത്ത് ബില്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു. സ്വകാര്യ സര്‍വ്വകലാശാല വന്നാല്‍ പ്രതിഷേധിക്കുമെന്ന് സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് വ്യക്തമാക്കി. കരട് ബില്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് എത്തിയപ്പോഴാണ് സിപിഐ ആശങ്ക ഉയര്‍ത്തിയത്. പാര്‍ട്ടി തീരുമാനപ്രകാരമാണ് പി പ്രസാദ് കൂടുതല്‍ പഠനവും ചര്‍ച്ചയും ആവശ്യപ്പെട്ടത്. സര്‍വ്വകലാശാലകളുടെ ഘടനയില്‍ ചില സാങ്കേതിക പ്രശ്നം ആരോഗ്യമന്ത്രിയും ഉയര്‍ത്തി. എറണാകുളം സമ്മേളനത്തിലാണ് സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള നയരേഖ മുഖ്യമന്ത്രി അവതരിപ്പിച്ചത്.
പിന്നീട് എല്‍ഡിഎഫും ചര്‍ച്ച ചെയ്തു. മുന്നണി യോഗത്തില്‍ ആര്‍ജെഡി നേരത്തെ എതിര്പ്പുന്നയിച്ചതുമാണ്. വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം എന്ന നിലക്കാണ് സിപിഎം സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്നത്. എന്നാല്‍ ഫീസില്‍ സര്‍ക്കാറിന് നിയന്ത്രണമുണ്ടാകില്ല. സാമൂഹ്യനീതി ഉറപ്പാകുമോ എന്നതിലടക്കമാണ് സിപിഐയുടെ ആശങ്ക. യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് സ്വകാര്യ സര്‍വ്വകലാശാല ചര്‍ച്ചക്കെതിരായ സമരത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ടിപി ശ്രീനിവാസന്റെ മുഖത്ത് എസ്എഫ്ഐ അടിച്ചത് പൊതുസമൂഹം ഇപ്പോഴും മറന്നിട്ടില്ല. അന്ന് കേവലം ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ സമരവുമായി രംഗത്തെത്തിയ എസ്എഫ്ഐ ഇപ്പോൾ മൗനത്തിലാണ്. സ്വകാര്യ സര്‍വകലാശാല അനുവദിക്കാന്‍ സിപിഎം നയപരമായ തീരുമാനമെടുത്തതിനു പിന്നാലെയാണ് ബില്‍ തയാറാക്കിയത്. സംസ്ഥാനത്ത് ആരോഗ്യം, സാങ്കേതികം, നിയമം തുടങ്ങിയ മേഖലകളില്‍ സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കാനുള്ള താല്പര്യവുമായി ഇരുപതിലേറെ മാനേജ്മെന്റുകളാണ് രംഗത്തുള്ളത്. മണിപ്പാല്‍, സിംബയോസിസ്, അമിറ്റി തുടങ്ങി രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളും കേരളത്തില്‍ സര്‍വകലാശാല ആരംഭിക്കാന്‍ ആലോചിക്കുന്നതായാണു വിവരം.
വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും പഠനത്തിനായുള്ള മലയാളികളുടെ വിദേശകുടിയേറ്റം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ക്ക് നിക്ഷേപം അനുമതി നല്കാന് പദ്ധതിയിടുന്നത്. എന്നാൽ, ഇത് നൽകുന്ന ആശങ്കകൾ ചെറുതല്ല. കേരളം പോലൊരു സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ കടന്നുവരുമ്പോൾ ഇവിടെ ഭരണത്തിലുള്ളത് സിപിഎം നേതൃത്വം നൽകുന്ന ഇടതുസർക്കാർ ആണെന്നതാണ് നമ്മെ ഞെട്ടിപ്പിക്കുന്നത്. പിന്നെ പണ്ട് വിമാനത്താവളത്തിനും കമ്പ്യൂട്ടറിനും ഒക്കെ എതിരെ സമരം ചെയ്തു പിന്നീട് അതിനെയെല്ലാം അംഗീകരിച്ച സിപിഎം രീതി ഓർക്കുമ്പോഴാണ് ഇപ്പോഴത്തെ സമീപനത്തിൽ അത്ഭുതം തോന്നാത്തത്.