കൽപ്പറ്റ : 7000 കോടി വയനാട് പാക്കേജ് പ്രഖ്യാപിച്ച് ജലരേഖ ആക്കാൻ നേതൃത്വം കൊടുക്കുന്ന, വയനാടിന്റെ കാർഷിക പ്രശ്നങ്ങൾ ഉൾപ്പെടെ ഒരു വിഷയത്തിലും നടപടി എടുക്കാതിരിക്കുകയും, വയനാട് മെഡിക്കൽ കോളേജ് തകർക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്ത ഇടതു സർക്കാരിനെതിരെ രൂക്ഷമായ പ്രതികരണം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ടി സിദ്ധിഖ് എംഎൽഎ. വയനാട്ടുകാരുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള ഒരു ധീര വനിതയുടെ സ്ഥാനാർത്ഥിത്വം ആവേശത്തോടുകൂടിയാണ് സ്ത്രീകളും പൊതുസമൂഹവും നോക്കി കാണുന്നതെന്നും ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു.
ഹത്രാസ്, ഉന്നാവ്,ഖത്വ തുടങ്ങി സ്ത്രീകളും കുട്ടികളും എവിടെയെല്ലാം അക്രമിക്കപ്പെട്ടോ അവിടെ മുഴുവൻ ആശ്വാസത്തിന്റെയും പ്രതിരോധത്തിന്റെയും ജനാധിപത്യ മുഖമായി ജ്വലിച്ചിരുന്ന നേതൃത്വമാണ് പ്രിയങ്ക ഗാന്ധി. ബിജെപി എംപി ബ്രിജ് ഭൂഷൺ സിംഗ് ഗുസ്തി വനിതാ താരങ്ങളെ ലെെംഗികമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ താരങ്ങൾ നടത്തിയ സമരത്തിന് സാന്നിധ്യം കൊണ്ടും ഇടപെടൽ കൊണ്ടും ശ്രദ്ധേയമായ പിന്തുണ നടത്തിയ വ്യക്തിയാണ് പ്രിയങ്ക ഗാന്ധി.
മുണ്ടക്കയിലും ചൂരൽമലയിലും ഉരുൾപൊട്ടിയ ഏറ്റവും കഠിന സമയത്ത് ചേർത്ത് നിർത്തലിന്റെ സാന്ത്വന രാഷ്ട്രീയം വയനാടിനു പകർന്നു തന്ന വ്യക്തിത്വമാണ് പ്രിയങ്ക ഗാന്ധി. പ്രിയങ്ക ഗാന്ധി ഏക്ക് ദിൻ കാ സുൽത്താനയല്ല തെരഞ്ഞെടുപ്പിന്റെ വർഷം അഞ്ച് ആയതുകൊണ്ട് പാഞ്ച് സാൽ കാ സുൽത്താനയായി അവർ അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ മഹാ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അഞ്ചുവർഷം കഴിയുമ്പോൾ തുടർത്തിരഞ്ഞെടുപ്പിലും വയനാടൻ ജനത അവർ ജനങ്ങൾക്കുവേണ്ടി നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും അകമ്പടിയിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചു പിന്നെയും ഹൃദയത്തിലേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ യുഡിഎഫ് മഹിളാ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് നിയോജകമണ്ഡലം മഹിള ചെയർമാൻ റൈഹാനത്ത് ബഷീർ അധ്യക്ഷത വഹിച്ചു,യുഡിഎഫ് ചെയർമാൻ ടി ഹംസ,കൺവീനർ പി പി ആലി, സലിം മേമന,പോൾസൺ കൂവക്കൽ സിൽവി തോമസ്, കെ ബി നസീമ, ജിനി തോമസ്, അസ്മ കെ,ഷഹർ ബാനു,ഉഷ തമ്പി, ജെസ്സി ലെസ്ലി, നിത്യ ബിജുകുമാർ, ആയിഷ പള്ളിയാൽ തുടങ്ങിയവർ സംസാരിച്ചു.