അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി ട്രംപ് ഭരണകൂടം അമേരിക്കയില്‍ നിന്നും തിരിച്ചയച്ച ഇന്ത്യക്കാരെ കൈവിലങ്ങും കാല്‍ച്ചങ്ങലയും അണിയിച്ച് തിരികെ ഇന്ത്യയിൽ എത്തിച്ച സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. സംഭവത്തിൽ ഭരണപക്ഷം മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ കൈവിലങ്ങ് അണിഞ്ഞ് പ്രതിഷേധിച്ചു.
കൂടാതെ പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ഈ വിഷയം സഭയിലും ഉന്നയിച്ചു.പ്രതിപക്ഷ ബഹളം ശക്തമായതോടെ ലോക്സഭ ഉച്ചയ്ക്ക് രണ്ടു വരെ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭയും ഉച്ചവരെ പിരിയുകയായിരുന്നു. സംഭവം വിവാദമായതോടെ, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വിഷയം ചര്‍ച്ച ചെയ്തു. രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, അഖിലേഷ് യാദവ്, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.