പുൽവാമ ഭീകരാക്രമണത്തിന് 6 വയസ്. രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ സേനാംഗങ്ങൾക്കായി ഇന്നു ഡൽഹിയിലുൾപ്പെടെ വിവിധയിടങ്ങളിൽ അനുസ്മരണ ചടങ്ങുകൾ നടക്കും. പുൽവാമയിലെ സ്മാരകത്തിൽ സിആർപിഎഫ് പ്രണാമമർപ്പിക്കും. 2019 ഫെബ്രുവരി 14-ന് ഇതേ പ്രണയ ദിനത്തിലാണ് ജമ്മു– ശ്രീനഗർ ദേശീയപാതയിലെ ഭീകരാക്രമണത്തിൽ സൈനികർ വീരമൃത്യു വരിച്ചത്. സൈനികർ ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു യാത്രചെയ്യുമ്പോൾ വാഹനവ്യൂഹം പുല്‍വാമ ജില്ലയിലെ അവന്തിപ്പോരയ്ക്ക് സമീപത്തെത്തിയപ്പോള്‍ 100 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ നിറച്ച സ്കോര്‍പ്പിയോ വാന്‍ ചാവേര്‍ ഭീകരന് സൈനികരുടെ വാഹനത്തിത്തിനിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
മലയാളി സൈനികന് വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്‍പ്പത് സിആര്‍പിഎഫ് സൈനികരുടെ ജീവൻ നഷ്ടമായി. പാക്കിസ്ഥാൻ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ആയിരുന്നു ആക്രമണത്തിനു പിന്നിൽ. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍. ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. ഫെബ്രുവരി 26ന് പുലര്‍ച്ചെ, ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റുകള്‍ പാകിസ്താനിലെ ഖൈബര്‍ പ്രവിശ്യയില്‍ വട്ടമിട്ട് പറന്നു. ബാലാകോട്ട് ജയ്ഷെ മുഹമ്മദ് ക്യാമ്പില്‍ പ്രത്യാക്രമണം നടത്തി. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ 2020 ഓഗസ്റ്റില്‍ എന്‍ഐഎ 13,500 പേജുള്ള കുറ്റപത്രം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു.