മലപ്പുറം: വീണ്ടും പഴയ തട്ടകത്തിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പി വി അൻവർ ഏതൊക്കെ ഡീലുകളിൽ ആകും കോൺഗ്രസിന് കൈ കൊടുക്കുകയെന്നതായിരുന്നു പ്രധാന ചർച്ച. എന്നാൽ അതിലും ഏറെക്കുറെ ചിത്രം വ്യക്തത വരികയാണ്. നിലവിൽ എംഎൽഎയായി തുടരുന്ന നിലമ്പൂർ മണ്ഡലം കോൺഗ്രസിലേക്ക് എത്തുമ്പോഴും വീണ്ടും അൻവറിന് തന്നെ ലഭിക്കാനുള്ള സാധ്യതകൾ കുറവാണ്. ഏറെക്കുറെ അത് സംബന്ധിച്ച ധാരണ അൻവറിനും ഉണ്ട്. ആര്യാടൻ മുഹമ്മദിന്റെ മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത് ഏറെക്കാലമായി മണ്ഡലം നോക്കി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മാത്രവുമല്ല നിലമ്പൂരിലെ കോൺഗ്രസ് പ്രവർത്തകരും അത്രകണ്ട് സ്വീകരിക്കുവാനുള്ള സാധ്യതകളും കുറവാണ്. അതേസമയം അൻവറിന്റെ കടന്നുവരവ് വടക്കൻ കേരളത്തിൽ പാർട്ടിക്ക് അനുകൂലമായ സാഹചര്യം സ്വപ്നം കാണുന്ന കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയും ചെയ്യും. എന്നാൽ അതേത് മണ്ഡലത്തിൽ ആകണമെന്ന കാര്യത്തിലാണ് ഏറെക്കുറെ അനിശ്ചിതത്വം നിലനിൽക്കുന്നത്. കഴിഞ്ഞതവണ കൈപ്പത്തി ചിഹ്നത്തിൽ തന്നെ സാമൂഹ്യ പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിൽ മത്സരിച്ച തവനൂർ മണ്ഡലത്തിൽ ആകും അൻവറിനെ കോൺഗ്രസ് നേതൃത്വം പരിഗണിക്കുക. തവനൂരിൽ കെ ടി ജലീലിനെതിരെ കുറഞ്ഞ വോട്ടുകൾക്കായിരുന്നു അന്ന് ഫിറോസ് പരാജയപ്പെട്ടത്. നിലവിൽ ജലീലിനെതിരെ മണ്ഡലത്തിൽ വലിയ തോതിലുള്ള ജനവികാരം ഉണ്ട്. അതിനുപുറമേ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ജലീലിനോട് ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ട്. അതെല്ലാം അനുകൂല ഘടകം ആകുമെന്നും പുറമേ അൻവറിന് ലഭിക്കുന്ന സ്വീകാര്യത നേട്ടത്തിന് വഴിയൊരുക്കുമെന്നും കോൺഗ്രസ് കരുതുന്നു.
കെ ടി ജലീൽ കുത്തകയാക്കിവെച്ച തവനൂർ മണ്ഡലത്തിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അബ്ദുസമദ് സമദാനി വൻ കുതിപ്പാണ് നടത്തിയത്. എൽഡിഎഫിന് കിട്ടിയതിനേക്കാൾ 18101 വോട്ടാണ് ഇത്തവണ യുഡിഎഫ്. പെട്ടിയിലാക്കിയത്. അതും കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നതാണ്. മണ്ഡല രൂപവത്കരണം മുതൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനൊപ്പം നിന്നതാണ് പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാമണ്ഡലങ്ങളിൽപ്പെടുന്ന തവനൂർ. രൂപവത്കരിച്ച നാൾ മുതൽ ഇടതുപക്ഷ സ്വതന്ത്രൻ ജലീലാണ് ഇവിടെനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതും. 2016-ല്‍ 17064 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു ജലീലിന്. 2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടാണ് ജലീല്‍ തേരോട്ടം തുടര്‍ന്നിരുന്നത്. എന്നാൽ കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. എന്നാല്‍ ബന്ധുനിമയന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ജലീലിന് തവനൂരിലെ ജയം വലിയൊരു ആശ്വസമായിരുന്നു. ജലീൽ – അൻവർ പോരാട്ടം നടന്നാൽ അൻവർ വിജയക്കൊടി പാറിപ്പിക്കുമെന്നതിൽ കോൺഗ്രസ് വലിയ ആത്മവിശ്വാസം വെക്കുമ്പോഴും ലീഗിന് എങ്ങനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുമെന്നതിലും കോൺഗ്രസ് പോംവഴി കണ്ടെത്തേണ്ടതുണ്ട്.