മലപ്പുറം: നീണ്ടകാലത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷം പി വി അൻവർ യുഡിഎഫിലേക്ക്. പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെ പി വി അന്‍വര്‍ എംഎല്‍എ ഇന്ന് പാണക്കാട്ടെത്തും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തും. പി വി അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കണമെന്ന നിലപാടിലാണ് മുസ്ലീം ലീഗ്. കഴിഞ്ഞദിവസം മാധ്യമങ്ങളെ കാണവെ പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
ഉച്ചയ്ക്ക് ഒരു മണിക്കാണ് പി വി അന്‍വര്‍ പാണക്കാട്ടെത്തുക. ലീഗിന് പുറമെ യുഡിഎഫിലെ മറ്റ് ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താനാണ് അന്‍വറിന്റെ തീരുമാനം. അതിനുള്ള അനുമതി തേടി വരികയാണ്. ഇതിന്റെ ആദ്യപടിയെന്നോണമാണ് അന്‍വര്‍ പാണക്കാട്ടെത്തുന്നത്. ജയില്‍ മോചനത്തിന് പിന്നാലെ മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും പേരെടുത്ത് പറഞ്ഞ് അന്‍വര്‍ നന്ദി പ്രകടിപ്പിച്ചിരുന്നു.