യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പി വി അൻവറും കോൺഗ്രസും തമ്മിൽ ധാരണയായെന്നാണ് സൂചന. പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫിലെ മൂന്ന് എംഎൽഎമാരുമായി പി വി അൻവർ ചർച്ച നടത്തിയതായും റിപോർട്ടുകൾ പുറത്ത് വരുന്നു. സംഘടന ശക്തിപ്പെടുത്തി യുഡിഎഫുമായി വിലപേശുകയാണ് ലക്ഷ്യം. ഒരു യുവ സിപിഐഎം എംഎൽഎയുമായും അൻവർ സംസാരിച്ചിട്ടുണ്ടെന്നും അറിയുന്നു.
എൽഡിഎഫിലെ ഘടകകക്ഷി നേതാവുമായും മുതിർന്ന ബിജെപി നേതാവുമായും അൻവർ ചർച്ച നടത്തി. കൂടുതൽ നേതാക്കളെ ഒപ്പം കൂട്ടി ശക്തിപ്രകടിപ്പിക്കാനുള്ള നീക്കമാണ് അൻവർ നടത്തുന്നത്. യുഡിഎഫ് പ്രവേശനത്തിന് കളമൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് വനനിയമ ഭേദഗതി ബില്ലിനെതിരെ അൻവർ നടത്തുന്ന ജനകീയ യാത്രയെന്നാണ് സൂചന. ഇതിൻ്റെ ഭാഗമായാണ് അൻവറിൻ്റെ യാത്രയിൽ കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചിരിക്കുന്നത്.
മാനന്തവാടിയിൽ നിന്നും വഴിക്കടവ് വരെയാണ് വനനിയമ ഭേദഗതി ബില്ലിനെതിരെ അൻവർ ജനകീയ യാത്ര സംഘടിപ്പിക്കുന്നത്. വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനാണ് യാത്ര ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ വനനിയമഭേദഗതിയിൽ പി വി അൻവർ എംഎൽഎയുടെ പ്രതിഷേധ യാത്രയുമായി സഹകരിക്കില്ലെന്ന് വയനാട് ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ അവസാനഘട്ടത്തിൽ പ്രഖ്യാപിക്കുകയായിരുന്നു.
കെപിസിസി പ്രസിഡന്റുമായും പ്രതിപക്ഷ നേതാവുമായും കൂടിയാലോചിച്ചെന്നും ഇതിനുശേഷമാണ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതെന്നും എൻ ഡി അപ്പച്ചൻ പ്രതികരിച്ചു. അതേസമയം, അൻവറിനോടുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ അടുപ്പം ആര്യടൻ ഷൗക്കത്തിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഷൗക്കത്തിന് പുറമെ നിലമ്പൂരില്‍ മത്സരിക്കാന്‍ ആഗ്രഹമുള്ള ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയും അന്‍വറിന്റെ നീക്കത്തില്‍ പരിഭ്രാന്തിയിലാണുള്ളത്.
അന്‍വര്‍ കോണ്‍ഗ്രസ്സില്‍ എത്തിയാലും, അദ്ദേഹം പുതിയ പാര്‍ട്ടിയുണ്ടാക്കി അത് യുഡിഎഫിന്റെ ഭാഗമായാലും മലപ്പുറം ജില്ലയിലെ ഈ കോണ്‍ഗ്രസ് നേതാക്കളുടെ കണക്ക് കൂട്ടലുകളാണ് തെറ്റുക. അന്‍വറിന്റെ ഡിഎംകെ പ്രവേശനം, സിപിഎം നേതൃത്വം ഇടപെട്ട് തകർത്തതോടെയാണ് അന്‍വര്‍ തന്റെ പഴയ തട്ടകമായ യുഡിഎഫിലേക്ക് മടങ്ങാന്‍ നീക്കം തുടങ്ങിയിരുന്നത്. ഇതിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും കെ മുരളീധരന്റെയും രമേശ് ചെന്നിത്തലയുടെയും ശക്തമായ പിന്തുണയുമുണ്ട്.
കെ.സി വേണുഗോപാലും ലീഗ് എം.പി ഇ ടി മുഹമ്മദ് ബഷീറും കൂടി പച്ചക്കൊടി കാട്ടിയതോടെ യുഡിഎഫിലേക്ക് അന്‍വറിന് മുന്നില്‍ വാതില്‍ തുറന്നുകിടക്കുകയാണ്. ഇനിയറിയേണ്ടത് അന്‍വര്‍ കോണ്‍ഗ്രസ്സില്‍ പ്രവേശനം നേടുമോ അതല്ലെങ്കില്‍ യുഡിഎഫില്‍ ഘടക കക്ഷിയാകുമോ എന്നത് മാത്രമാണ്. അന്‍വര്‍ യുഡിഎഫില്‍ എത്തിയാല്‍ നിലമ്പൂര്‍ അദ്ദേഹത്തിനായി മത്സരിക്കാന്‍ വിട്ട് കൊടുക്കേണ്ടതായി വരും. ഇതിന് വി.എസ് ജോയി സമ്മതിച്ചാലും, ആര്യാടന് ഷൗക്കത്ത് സമ്മതിക്കാന്‍ സാധ്യതയില്ല. അങ്ങനെ സംഭവിച്ചാല്‍, ഇടതുപക്ഷ സ്വതന്ത്രനായി ആര്യാടന് ഷൗക്കത്ത് നിലമ്പൂരില്‍ മത്സരിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
വനനിയമ ഭേദഗതിക്കെതിരെ നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് നിലമ്പൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് നേതൃത്വവും ലോങ്മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. വനനിയമ ഭേദഗതിക്കെതിരെയും വന്യമൃഗ ആക്രമണങ്ങളില്‍ നടപടിയെടുക്കാത്തതിനുമെതിരെ ജനകീയ പ്രക്ഷോഭത്തിനാണ് നിലമ്പൂര്‍ – എടക്കര ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ തുടക്കമിടുന്നത്. ഇത് അൻവറിന്റെ യാത്രയ്ക്ക് ബദലാണ്. അതേസമയം, ആര്യാടന് ഷൗക്കത്ത് വിഭാഗമാണ് പ്രക്ഷോഭത്തിന് പിന്നിലെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്. പി.വി അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്ന് അഭിപ്രായമുള്ളവരും ജില്ലയിലെ കോണ്‍ഗ്രസ്സിലും ലീഗിലും ഉണ്ട്.
അന്‍വര്‍ പ്രത്യേക പാര്‍ട്ടി ഉണ്ടാക്കി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍, വലിയ ചലനം ഉണ്ടാക്കാന്‍ കഴിയുമെന്നും അത് യുഡിഎഫ് വോട്ട് ബാങ്കിനെയും സ്വാധീനിക്കുമെന്ന മുന്നറിയിപ്പും ഈ വിഭാഗം നല്‍കുന്നുണ്ട്. അതുകൊണ്ട്, ആര്യാടന് ഷൗക്കത്ത് വിഭാഗത്തിന്റെ എതിര്‍പ്പ് കാര്യമാക്കണ്ട എന്ന നിലപാടാണ് എതിര് ചേരി ഉയര്‍ത്തുന്നത്. പക്ഷെ ആര്യടൻ കോൺഗ്രസ് വിട്ടാൽ അത് ഇടതിന് അനുകൂലമായ സാഹചര്യമാകും സൃഷ്ടിക്കുക. ഷൗക്കത്തിനൊപ്പം അനുയായികളും അനുഭാവികളും പാര്‍ട്ടി വിട്ടാല്‍, അത് ഒടുവില്‍ ഇടതിന് ഗുണമാകുമെന്ന തിരിച്ചറിവ് കോൺഗ്രസ് നേതൃത്വത്തിനും ഉണ്ടാകും. അതുകൊണ്ട് ജാഗ്രതയോടെയാകും കെപിസിസി നേതൃത്വം അൻവറിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുക.