കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് ഷുഹൈബ് കീഴടങ്ങിയത്. ഇന്ന് രാവിലെയാണ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതിനു പിന്നാലെയാണ് ഷുഹൈബ് കീഴടങ്ങിയത്. ഇതിനിടെ കേസിലെ രണ്ടാം പ്രതിയായ അധ്യാപകൻ ഫഹദ്, മൂന്നാം പ്രതി ജിഷ്ണു എന്നിവർക്ക് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു.
അതേസമയം, എം എസ് സൊല്യൂഷൻസിനെ തകർക്കാൻ പ്രധാന സ്ഥാപനം ശ്രമിക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് കേസെന്നും ഷുഹൈബ് ആരോപിക്കുന്നു. ചോദ്യപേപ്പർ കൈപ്പറ്റിയ അധ്യാപകൻ ഫഹദിനെ അയച്ചത് മറ്റൊരു സ്ഥാപനമാണ്. കേസിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും തെളിവുകൾ കൈവശമുണ്ടെന്നും അന്വേഷണ സംഘത്തിന് ഈ വിവരങ്ങൾ നൽകുമെന്നും ഷുഹൈബ് മാധ്യമങ്ങളോട് പറഞ്ഞു.
ചോദ്യപേപ്പർ ചോർത്തിയ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.