ആലപ്പുഴ: വിഭാഗീയത ശക്തമായ ആലപ്പുഴയില്‍ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര് നാസര്‍ തുടരും. ഹരിപ്പാട് ചേരുന്ന ജില്ലാ സമ്മേളനമാണ് ആര് നാസറിനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. യു പ്രതിഭ എംഎല്‍എ അടക്കം നാല് പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയിലേയ്ക്ക് പുതിയതായി തിരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനത്തിന് ശേഷം ഇന്ന് വൈകിട്ട് ഹരിപ്പാട് മാധവ ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി മുഴുവന്‍ സമയവും പങ്കെടുക്കുന്ന സമ്മേളനം എന്ന പ്രത്യേകത ആലപ്പുഴ ജില്ലാ സമ്മേളനത്തിനുണ്ട്. യു പ്രതിഭയ്ക്ക് പുറമെ എം എസ് അരുണ്‍കുമാര്‍ എംഎല്‍എ, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രന്‍ മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ് എന്നിവരും ജില്ലാ കമ്മിറ്റിയില്‍ പുതിയതായി ഇടം നേടി.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനെതിരെയും സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. കയര്‍ മേഖല പൂര്‍ണ്ണമായി നശിച്ചുവെന്നും കയര്‍ മേഖലയെ സംരക്ഷിക്കാന്‍ വകുപ്പ് മന്ത്രി എന്താണ് ചെയ്തതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ മന്ത്രിയെ വേദിയിലിരുത്തി വിമര്‍ശനം ഉന്നയിച്ചു. സിപിഐഎമ്മിന്റെ തണലിലാണ് സിപിഐ നിലനില്‍ക്കുന്നത്. കുട്ടനാട്ടില്‍ അഭിപ്രായ ഭിന്നത ഉള്ളവരെ സിപിഐ അടര്‍ത്തിയെടുത്തുവെന്നും പ്രതിനിധികള്‍ വിമർശനം ഉന്നയിച്ചു.