കോട്ടയം: ഗാന്ധി നഗർ നഴ്സിങ് കോളേജ് റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
കോളേജിലെ ഒന്നാം വർഷ നഴ്സിങ് ക്ലാസിലെ ആറ് ആൺകുട്ടികളാണ് ക്രൂരമായ റാഗിങിന് ഇരയായത്. ഹോസ്റ്റലിൽ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ജൂനിയർ വിദ്യാർഥിയെ കട്ടിലിൽ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ പുരട്ടിയശേഷം ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സീനിയർ വിദ്യാർഥികളായ കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് കേസിലെ പ്രതികൾ.