അഞ്ജലി ഹരേഷ് : സബ് എഡിറ്റർ
ഉത്തർപ്രദേശിലെ പള്ളിയുടെ സർവേ സംബന്ധിച്ച സംഘർഷം ഉണ്ടായ സംഭാലിൽ ഇന്ന് പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധിയും വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയും സന്ദർശനം നടത്തും. യു പിയിലെ മറ്റ് എംപിമാരും സന്ദർശത്തിന് ഒപ്പം ഉണ്ടാകും. സംഭാലിൽ ഡിസംബർ 10 വരെ കർശന നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പുറത്ത് നിന്നാരെയും സ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ല. സന്ദർശത്തിന് ഇത് വരെ പൊലീസ് അനുമതി നൽകിയിട്ടില്ല. രണ്ട് ദിവസം മുൻപ് സംഭൽ സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് സ്ഥലത്ത് വലിയ സംഘർഷാവസ്ഥയും ഉണ്ടാവുകയും ചെയ്തിരുന്നു.
മുഗൾ ഭരണകാലത്ത് തകർത്തതായി പറയപ്പെടുന്ന ഒരു ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് ഷാഹി ജുമാ മസ്ജിദ് നിർമ്മിച്ചതെന്ന അവകാശവാദത്തെ തുടർന്നാണ് സർവേ ആരംഭിച്ചത്. സർവേയിൽ സംഘർഷം രൂക്ഷമായി. മസ്ജിദ് പരിസരത്ത് ആളുകൾ കല്ലേറും വാഹനം കത്തിക്കലും നടത്തി പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് ആളുകളെ പിരിച്ചുവിടാൻ ശ്രമിച്ചു. സംഭവത്തിൽ നാല് പേർ കൊല്ലപ്പെടുകയും 20-ൽ കൂടുതൽ പൊലീസുക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു.