പാലക്കാട് ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞ പി. സരിൻ ഇടതുപക്ഷത്തേയ്ക്ക്. കോണ്‍ഗ്രസിലെ സരിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കി കോണ്‍ഗ്രസ്. താൻ ഇനി ഇടതുപക്ഷത്തിന് ഒപ്പമായിരിക്കുമെന്ന് മുൻ കോൺഗ്രസ് നേതാവ് പി.സരിനും അറിയിച്ചു. എൽ.ഡി.എഫ് ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സരിന് പറഞ്ഞു.
സരിൻ വാർത്തസമ്മേളനം നടത്തുന്നതിനിടെ തന്നെ പാർട്ടിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയുള്ള ഉത്തരവും വന്നിരുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സരിനെ പുറത്താക്കുകയാണെന്ന് കെ.പി.സി.സിയുടെ വാർത്താകുറിപ്പിൽ അറിയ്ക്കുകയായിരുന്നു. വി.ഡി സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തെന്നും പാർട്ടിയെ ദുർബലപ്പെടുത്തിയെന്നും സരിൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
പരാതി പറയാൻ പാർട്ടി ഫോറമെന്നൊരു സംവിധാനം കോൺഗ്രസിലില്ല. നേതാക്കൾക്ക് തോന്നിയ പോലെയാണ് പ്രവർത്തിക്കുന്നത്. സതീശന് ബി.ജെ.പിയോട് മൃദുസമീപനമാണ്. 13ന് തെരഞ്ഞെടുപ്പ് നടന്നാൽ ചിലർക്ക് അനുകൂലമായി വോട്ടുവീഴും. പാലക്കാട്ടെ ജനം ആഗ്രഹിക്കാത്ത ഫലം വരും. എല്ലാവരെയും എല്ലായ്പ്പോഴും വിഡ്ഡികളാക്കാൻ പറ്റില്ല. വളർന്നുവരുന്ന കുട്ടി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസ് സർക്കിളിൽ തന്നെ അന്വേഷിച്ചാൽ ഇക്കാര്യം മനസ്സിലാകുമെന്നും സരിൻ പറഞ്ഞിരുന്നു.