പാലക്കാട്: നിയുക്ത പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സത്യപ്രതിജ്ഞ അടുത്ത മാസം നാലിന് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചേലക്കരയില്‍ നിന്ന് വിജയിച്ച യുആര്‍ പ്രദീപിന്റെ സത്യപ്രതിജ്ഞയും അന്ന് തന്നെ നടക്കും. സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
വികസന കാര്യത്തില്‍ രാഷ്ട്രീയം മാറ്റിവെച്ച് ഒന്നിച്ച് നില്‍ക്കണമെന്ന് രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ പരസ്പരം പോരാടാം. വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയാല്‍ ജനങ്ങള്‍ക്കും നാടിനും ഗുണമില്ല. വികസന കാര്യത്തില്‍ പ്രതിപക്ഷ എംഎല്‍എമാരെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന ആശങ്ക ഉണ്ടാകാന്‍ പാടില്ല. പാലക്കാടിനായി വിഷന്‍ 2040 തയ്യാറാക്കുമെന്നും രാഹുല്‍ പറഞ്ഞു.
മോയന്‍സ് സ്കൂള്‍ ഡിജിറ്റലൈസേഷന്, ടൗണ്‍ ഹാള്‍ നിര്‍മാണം എന്നിവ പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി. രണ്ടിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലാണ് ഇനി വേണ്ടത്. ഇതിനായി സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.
പാലക്കാട് നഗരസഭയില്‍ ഓപ്പറേഷന് കമല മോഡലിന് കോണ്‍ഗ്രസ് ഇല്ല. പക്ഷെ ബിജെപി കൗണ്‍സിലര്‍മാര്‍ നിലപാട് തിരുത്തി വന്നാല്‍ കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന സൂചനയും രാഹുല്‍ നല്കി. ആര്‍എസ്എസ് സര്‍സംഘ് ചാലക് പോലും നിലപാട് തിരുത്തിയാല്‍ ആദ്യം സംസാരിക്കാന്‍ പോകേണ്ടത് കോണ്‍ഗ്രസ് ആയിരിക്കണമെന്നാണ് തന്റെ നയമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.