കേരളത്തിൽ നിയമസഭാ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം ശ്രദ്ധ ലഭിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ബിജെപി അവരുടെ എ ക്ലാസ് മണ്ഡലമായി പാലക്കാടിനെ കാണുന്നു എന്നതാണ്.
സംസ്ഥാനത്ത് ബിജെപിക്ക് വിജയസാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങൾ ഉണ്ടെങ്കിലും കൃത്യമായ സംഘടനാ സംവിധാനം ചലിക്കുന്ന മണ്ഡലം പാലക്കാട് മാത്രമാണ്. മറ്റു ജില്ലകളിൽ നഗരപ്രദേശങ്ങൾ സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ കൈകളിലാണെങ്കിൽ പാലക്കാട്ടേക്ക് വരുമ്പോൾ നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്.
തുടർച്ചയായി രണ്ട് തവണകളായി കോൺഗ്രസിനെ പരാജയപ്പെടുത്തുകയാണ് ബിജെപി നഗരസഭയുടെ അമരത്തുള്ളത്. 52 അംഗ ഭരണ സമിതിയില്‍ ബിജെപിക്ക് 28 അംഗങ്ങളാണുള്ളത്. പ്രതിപക്ഷ നിരയില്‍ യുഡിഎഫിന് 17 ഉം, എല്‍ഡിഎഫിന് 7ഉം അംഗങ്ങളാണുള്ളത്. വെല്‍ഫയര്‍ പാര്‍ട്ടിക്ക് ഒരു സീറ്റുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി മികച്ച മുന്നേറ്റമാണ് പാലക്കാട് നടത്തിയിട്ടുള്ളത്. പക്ഷേ വിജയത്തിന് തൊട്ടടുത്ത് വന്ന് പരാജയപ്പെടാനായിരുന്നു വിധി.
2011 മുതൽ തുടർച്ചയായി മൂന്നുതവണ ഷാഫി പറമ്പിൽ മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു തവണയും സിപിഎമ്മിനെ പിന്തള്ളി ബിജെപി രണ്ടാമതെത്തിയ മണ്ഡലം കൂടിയാണ് പാലക്കാട്. 2021 ൽ ഇ ശ്രീധരൻ ഒരു ഘട്ടത്തിൽ വിജയിക്കുമെന്ന് പോലും തോന്നിച്ച വാശിയേറിയ പോരാട്ടത്തിനൊടുവിൽ നാലായിലത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ഷാഫി പറമ്പിൽ അവസാനം ജയിച്ചുകയറിയ പാലക്കാട്. ആദ്യ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ വിജയിക്കുന്നതിന് മുമ്പ് വരെ സിപിഎം തുടർച്ചയായി വിജയിച്ച മണ്ഡലം കൂടിയാണ് പാലക്കാട് എന്നതും നാം വിസ്മരിക്കരുത്.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ഉയർത്തിയ എല്ലാ ഭീഷണികളെയുംകാറ്റില് പറത്തിയാണ് കനത്ത മത്സരം കാഴ്ചവെച്ച് 18,669 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുന്നത്. അത്ര എളുപ്പമായിരുന്നില്ല ഷാഫിക്കും രാഹുലിനും പാലക്കാട് എന്ന കടമ്പ. പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെയുണ്ടായ വെല്ലുവിളിക്കൊപ്പം ഉപതിരഞ്ഞെടുപ്പില്‍ ഉടനീളം ഉണ്ടായ വിവാദങ്ങളും പാര്‍ട്ടിക്ക് നേരിടേണ്ടി വന്നിരുന്നു.
അതേസമയം, ഷാഫിക്ക് പകരം യുഡിഎഫ് സ്ഥാനാർഥിയായി രഹുൽ മാങ്കൂട്ടത്തിലും എൽഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസ് വിട്ടുവന്ന പി സരിനും മത്സരിക്കാനെത്തുമ്പോൾ അത് തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു ബിജെപി. എന്നാൽ ചെറിയ പരാജയം ഒന്നുമല്ല ബിജെപിക്ക് ഉണ്ടായത്. അടപടലം പാർട്ടി തകർന്നടിയുകയായിരുന്നു.
പാലക്കാട് നിയമസഭ മണ്ഡലം പാലക്കാട് മുന്‍സിപ്പാലിറ്റിയും കണ്ണാടി, പിരായിരി, മാത്തൂര്‍ ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ്. പാലക്കാട് മുന്‍സിപ്പാലിറ്റിയിലുള്ള മുന്‍തൂക്കമാണ് ബിജെപിയെ ഈ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്നു തവണയും രണ്ടാമതെത്തിച്ചത്. 1967-ല്‍ ഒ.രാജഗോപാല്‍ ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാലം മുതല്‍ ഹിന്ദുത്വ ശക്തികള്‍ക്ക് 10 ശതമാനത്തില്‍ കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് പാലക്കാട്.
അടിയന്തിരാവസ്ഥകാലത്തിന് ശേഷം കോണ്‍ഗ്രസ് അത്ഭുതകരമായി ശക്തിയാര്‍ജ്ജിച്ച 77ലെ തിരഞ്ഞെടുപ്പിലും 80ലെ തിരഞ്ഞെടുപ്പിനും ശേഷം രാജഗോപാല്‍ വീണ്ടും മത്സരിച്ച 82ല്‍ 14 ശതമാനം, രാജഗോപാല്‍ വീണ്ടും മത്സരിച്ച 2006ല്‍ 24 ശതമാനം എന്നിങ്ങനെ ബിജെപി വോട്ടുകള്‍ ഉയര്‍ന്നു. 2016ല്‍ 29 ശതമാനവും 2021ല്‍ 35 ശതമാനവും നേടി ബിജെപി രണ്ടാം സ്ഥാനത്തും എത്തി. അതായത് പറഞ്ഞു വരുന്നത് ബിജെപിക്ക് പാലക്കാട് അടിസ്ഥാനപരമായ കൃത്യമായ വോട്ടുകൾ എല്ലാകാലത്തും ഉണ്ടെന്നതാണ്.
ഉപതെരഞ്ഞെടുപ്പിലും പരാജയം സംഭവിച്ചെങ്കിലും തങ്ങളുടെ വോട്ട് ബാങ്കിനെ പൂർവാധികം ശക്തിയോടെ തിരികെ കൊണ്ട് വരുവാനും 2026ൽ വിജയിക്കുവാനുമാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ഇതിനായി ഒരു ചെറുപ്പക്കാരനെ തന്നെയാണ് നിലവിൽ ജില്ലാ പ്രസിഡന്റായി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് ഉണ്ടായ വിവാദങ്ങളും ബിജെപി ബോധപൂർവ്വം സൃഷ്ടിച്ചതാണെന്ന് കരുതാം.
ഇതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ, ‘ദേശീയവാദികൾക്കെതിരേ ഇനിയും അനാവശ്യപ്രസ്താവന നടത്തിയാൽ പത്തനംതിട്ടയിൽനിന്ന് വരുന്ന പാലക്കാട്ടെ എംഎൽഎയ്ക്ക്, പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കാലുകുത്താൻ ബിജെപിയുടെ അനുവാദം വേണ്ടിവരുമെന്ന്’ പ്രശാന്ത് ശിവൻ പറഞ്ഞത് വീണ്ടും വിവാദങ്ങൾക്ക് വഴിവെക്കുകയായിരുന്നു. എന്നാൽ ഇതിനു മറുപടിയായി രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ ആർജ്ജവത്തോടെ പ്രതികരിച്ചത് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
ബിജെപി ക്കും ആർഎസ്എസിനും എതിരെ നിലകൊള്ളുന്നവരെ ഏറെ സ്വീകാര്യതയോടെയാണ് കേരളത്തിലെ പൊതുസമൂഹം നോക്കി കാണാറുള്ളത്. ഷാഫി പറമ്പിൽ എന്ന രാഷ്ട്രീയ നേതാവിനും ഏറ്റവുമധികം സ്വീകാര്യത ലഭിക്കുന്നതിന് കാരണം പാലക്കാട്ടെ സാന്നിധ്യമായിരുന്നു. അതുതന്നെയാണ് ഇപ്പോൾ രാഹുലിനും പിന്തുണയായി മാറുന്നത്. കഴിഞ്ഞദിവസം പാലക്കാട് മുനിസിപ്പാലിറ്റി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തപ്പോൾ രാഹുൽ പൊലീസ് ജീപ്പ് തടഞ്ഞ് അവരെ പുറത്തിറക്കി മാസ് കാട്ടിയിരുന്നു.
രാഹുലിന്റെ ആർജ്ജവത്തെയും തുടർന്ന് നടത്തിയ പ്രതികരണങ്ങളെയും വളരെ ആവേശത്തോടെയാണ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അതായത് ഇന്നലത്തെ പാലക്കാട്ടെ സംഘർഷങ്ങളിൽ താരമായത് രാഹുൽ തന്നെയെന്ന് നിസ്സംശയം പറയാം. കാൽ വെട്ടിക്കളയും എന്നാണ് ഭീഷണിയെങ്കിൽ കാൽ ഉള്ളിടത്തോളെ കാലം കാൽ കുത്തിക്കൊണ്ട് തന്നെ ആർ എസ് എസിനെതിരെ സംസാരിക്കുമെന്നും, കാൽ വെട്ടിക്കളഞ്ഞാലും ഉള്ള ഉടൽ വച്ച് ആർ എസ് എസിനെതിരെ സംസാരിക്കുമെന്നുമുള്ള രാഹുലിന്റെ മാസ് മറുപടി സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്.
ആർ എസ് എസ് നേതാക്കളെ അവഹേളിച്ചാൽ എം എൽ എയെ പാലക്കാട് കാല് കുത്താൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ഭീഷണി. പാലക്കാട് നഗരസഭയുടെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്റെ പേര് ഇട്ടതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി തറക്കലിടൽ ചടങ്ങ് തടഞ്ഞ് പ്രതിഷേധിച്ചു. തറക്കല്ലിടുന്നതിനായി എടുത്ത കുഴിയിൽ ഇറങ്ങി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഏതായാലും പാലക്കാട്ടിൽ നിന്ന് കഴിഞ്ഞ ദിവസം നാം കണ്ടത് സംഘപരിവാർ വിരുദ്ധ പോരാട്ടത്തിന്റെ മുഖമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മാറുന്ന കാഴ്ചയായിരുന്നു.