കോഴിക്കോട്: പ്രമുഖ വ്യവസായിയായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അവസാനിച്ചു. പുലര്‍ച്ചയോടെയാണ് ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിലെ പരിശോധന പൂർത്തിയായത്. പരിശോധനയിൽ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായാണ് സൂചനകൾ. കൂടുതൽ രേഖകൾ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്തേക്കും. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് കോര്‍പറേറ്റ് ഓഫീസില്‍വെച്ചും അതുപോലെ ചെന്നൈയിലും വെച്ചും ഇ.ഡി ചോദ്യം ചെയ്തിരുന്നു.
ചെന്നൈയിലെ ഓഫീസിന് പുറമെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസ്, ഗോകുലം മാള്‍ എന്നിവിടങ്ങളിലും ഇ.ഡി വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഏറെ വിവാദമായ എമ്പുരാന് എന്ന ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണ് ഗോകുലം ഗോപാലന്. പിഎംഎല്‍എ ലംഘനം, വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനം തുടങ്ങിയവയുടെ പേരിലാണ് ഇ.ഡി പരിശോധന നടത്തിയത്. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 2022-ല്‍ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം.