ന്യൂഡൽഹി: ട്രെയിൻ യാത്രയില്‍ ലോക്കോ പൈലറ്റുമാർക്ക് ആഹാരം കഴിക്കാൻ പ്രത്യേക ഇടവേളകള്‍ അനുവദിക്കില്ലെന്ന വിചിത്ര മാർഗനിർദേശങ്ങളുമായി റെയില്‍വേ. കൂടാതെ ഡ്യൂട്ടിയിലുള്ള സമയത്ത് ലോക്കോ പൈലറ്റുമാർക്ക് ശുചിമുറിയില്‍ പോകാനോ ഫ്രീ ടൈമോ ഉണ്ടാകില്ല. വനിതാ ലോക്കല്‍ പൈലറ്റുമാർക്കും നിലവിലെ തീരുമാനം ബാധകമാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം രാജ്യത്തെ സോണല്‍ ജനറല്‍ മാനേജർമാർക്ക് സർക്കുലർ അയച്ചിട്ടുണ്ട്. ക്യാബിനുകളില്‍ ക്യാമറവെയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും എന്നാല്‍ സ്വകാര്യതയെ ഹനിക്കില്ലെന്നും റെയില്‍വേ മന്ത്രാലയം വിശദീകരിക്കുന്നുണ്ട്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശബ്ദവും ദൃശ്യവും ഒരേപോലെ പകർത്തുന്ന ക്യാമറയാകും സ്ഥാപിക്കുക. പ്രധാന ട്രെയിനുകളില്‍ ഉണ്ടായിരുന്ന കോ പൈലറ്റുമാരെ പിൻവലിക്കാനും തീരുമാനമായിട്ടുണ്ട്. പകരം ലോക്കോ പൈലറ്റുമാരെ സഹായിക്കാൻ 2 വർഷം പ്രവർത്തന പരിചയമുള്ള അസിസ്റ്റൻ്റ് ലോക്കോ പൈലറ്റുമാർ ഉണ്ടാകും.
എന്നാല്‍ ജോലിസമയം, വിശ്രമം തുടങ്ങിയ കാര്യങ്ങളില്‍ കമ്മിറ്റി ഒന്നും പറയുന്നില്ല, ലോക്കോ പൈലറ്റുമാരുടെ പ്രശ്നങ്ങള്‍ പരിഗണിക്കാതെയുള്ള റിപ്പോർട്ടാണ് ഇതെന്ന് ഓള് ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ജനറല്‍ കെ.സി. ജെയിംസ് പറഞ്ഞു. റെയില്‍വേ മള്‍ട്ടി ഡിസിപ്ലിനറി കമ്മിറ്റിയുടെ റിപ്പോർട്ട് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓള് ഇന്ത്യ റെയില്‍വേ മെൻസ് ഫെഡറേഷൻ ജനറല്‍ സെക്രട്ടറി ശിവഗോപാല്‍ മിശ്ര റെയില്‍വേ ബോർഡ് ചെയർമാന് കത്തയച്ചിട്ടുണ്ട്.