രാജകുമാരി എംജിഎം ഐടിഐയിലെ ബസ് മുത്തച്ഛൻ ഏവരുടെയും മനം കവരുന്ന കാഴ്ചയാണ്. പഴയ ടാറ്റ മേഴ്സിഡസ് ബെന്‍സ് ബസിനാണ് ഒരു കൂട്ടം വിദ്യാർഥികൾ പുതിയ ജീവൻ പകർന്നത്. ടാറ്റയും മെഴ്സിഡസ് ബെന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച ബസ് 1962ലാണ് തിരുവനന്തപുരത്തിൻ്റെ നിരത്തുകളിൽ ഓട്ടം ആരംഭിച്ചത്. 1965ല്‍ കെഎസ്ആര്‍ടിസിയുടെ ഭാഗമായി. കെഎല്‍എക്സ് 604 എന്ന നമ്പറില്‍ കേരളത്തിലുടനീളം സര്‍വീസ് നടത്തി. 1978 ലാണ് രാജകുമാരി ഐടിഐ ബസ് സ്വന്തമാക്കിയത്. ഐടിഐയിൽ എത്തിയ ബസ് വർഷങ്ങളോളം അങ്ങനെ തന്നെ കിടന്നു. പിന്നീടാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ മുൻകൈയെടുത്ത് ബസ്സിനെ കൂടുതൽ മനോഹരമാക്കിയത്. ഒരു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ബസ് നവീകരിച്ചത്. പഴമയുടെ പ്രൗഢി ഒട്ടും ചോരാതെ ബസ് വീണ്ടും നവീകരിക്കാനായി. കേരളത്തിൻ്റെ പഴയ പടകുതിരയെ കാണാന്‍ നിരവധി ആളുകളും എത്തുന്നുണ്ട്. കുട്ടികളുടെ പഠനാവശ്യത്തിനൊപ്പം പൊതു ജനങ്ങള്‍ക്ക് പഴയ മോഡല്‍ ബസ് കാണാന്‍ അവസരവും ഒരുക്കുകയാണ് എംജിഎം ഐടിഐ അധികൃതര്‍.