സംസ്ഥാന ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് കടന്നുവന്നശേഷം രാജീവ് ചന്ദ്രശേഖർ തിരക്കിട്ട ചർച്ചകളിലാണ്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും അതിനുശേഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് രാജീവ് ചന്ദ്രശേഖറിന്റെയും ബിജെപിയുടെയും ലക്ഷ്യം. അതിനുവേണ്ടി കരുക്കൾ നീക്കുകയാണ് അദ്ദേഹമെന്ന് അറിയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട്, പന്തളം നഗരസഭകൾ നിലനിർത്തേണ്ടത് ബിജെപിക്ക് അഭിമാന പ്രശ്നമാണ്. പന്തളത്തും പാലക്കാടും പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങൾ തൽക്കാലത്തേക്ക് പരിഹരിക്കാൻ സാധിച്ചെങ്കിലും വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടായാൽ ഭരണംവരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
പാലക്കാടിനും പന്തളത്തിന് പുറമേ, ബിജെപി ലക്ഷ്യംവെക്കുന്ന തിരുവനന്തപുരം കോർപറേഷൻ പിടിക്കാനുള്ള തന്ത്രങ്ങൾക്കും ജില്ലാ ഘടകത്തെ ഒത്തുചേർത്ത് രാജീവിന് രൂപം നൽകേണ്ടതുണ്ട്. കൂടാതെ, ബിജെപി മുന്നേറ്റം ലക്ഷ്യമിടുന്ന തൃശൂർ, കോഴിക്കോട് കോർപറേഷനുകൾക്കു വേണ്ടിയും പുതിയ തന്ത്രങ്ങൾ മെനയേണ്ടതുണ്ട്. നിലവിൽ സംസ്ഥാനത്ത് നിയമസഭയിൽ ബിജെപി പ്രതിനിധികളുടെ എണ്ണം സംപൂജ്യമാണ്. കഴിഞ്ഞ നിയമസഭയിൽ ഒരു അംഗം ബിജെപിക്ക് ഉണ്ടായിരുന്നു. തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലമാണ് നേമം. ബിജെപിക്ക് കേരളത്തിൽ ആദ്യമായി വിജയിക്കാന്‍ സാധിച്ച നിയമസഭാ നിയോജകമണ്ഡലം എന്ന പ്രത്യേകതയും ഈ നേമത്തിനുണ്ട്. ബിജെപിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാലാണ് ഇവിടെ നിന്നും വിജയിച്ചത്. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് നേമം നിയമസഭാ നിയോജക മണ്ഡലം. മുൻ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ അടക്കമുള്ളവര്‍ നേമത്തു നിന്നും വിജയിച്ചതാണ്.
1957ൽ നിലവിൽ വന്ന മണ്ഡലത്തിൽ സിപിഎമ്മിനും കോണ്‍ഗ്രസിനും ബിജെപിക്കും ശക്തമായ വേരോട്ടമാണുള്ളത്. സിപിഐയുടെ സ്ഥാനാര്‍ത്ഥിയായ എ. സദാശിവനാണ് ആദ്യം ഇവിടെ നിന്നും വിജയിച്ചത്. പിന്നീട്, നിരവധി സിപിഎം, കോണ്‍ഗ്രസ് നേതാക്കളും വിജയിച്ചിട്ടുണ്ട്. 2016ൽ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാൽ 67,813 വോട്ടുകളോടെയാണ് ജയിച്ചത്. നിലവിലെ എംഎൽഎയും മന്ത്രിയുമായ വി ശിവൻകുട്ടിയെ ആണ് രാജഗോപാൽ തോൽപ്പിച്ചത്. ശിവൻകുട്ടിക്ക് 59,142 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ വി. സുരേന്ദ്രൻ പിള്ളയായിരുന്നു മറ്റൊരു എതിരാളി. 13,860 വോട്ടുകളാണ് ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത്. 1982ല്‍ മുൻമുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചിട്ടുണ്ട്. അതിനുശേഷം മൂന്ന് തവണ സിപിഎമ്മിനുവേണ്ടി വി.ജെ. തങ്കപ്പനും ഒരു തവണ വെങ്ങാനൂര്‍ പി ഭാസ്ക്കരനും മണ്ഡലം നിലനിര്‍ത്തി. 2001ൽ നടന്ന തെരഞ്ഞടുപ്പില്‍ എന്‍ ശക്തനിലൂടെ മണ്ഡലം കോണ്‍ഗ്രസ് തിരിച്ച് പിടിക്കുകയായിരുന്നു. പിന്നീട് 2006ലും ശക്തൻ തന്നെ വിജയിച്ചു. പിന്നീട്, 2011ല്‍ വീണ്ടും സിപിഎമ്മിനുവേണ്ടി വി. ശിവന്‍കുട്ടി മണ്ഡലം തിരിച്ചു പിടിച്ചു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6415 വോട്ടുകള്‍ക്കായിരുന്നു വി ശിവന്‍കുട്ടി വിജയിച്ചത്. മണ്ഡലത്തിലെ 22 കോര്പ്പറേഷന് വാര്‍ഡുകളില്‍ പതിനൊന്ന് എണ്ണത്തില്‍ ബിജെപിയാണ് വിജയിച്ചത്. ഒമ്പതിടത്ത് ഇടതുമുന്നണിയും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു. 2021ൽ ഒരുവട്ടം കൂടി താമര വിരിയുമെന്ന് ബിജെപി പ്രതീക്ഷിച്ചുവെങ്കിലും അവരുടെ സ്വപ്നം തകർന്നടിയുകയായിരുന്നു. പ്രധാനമായും ബിജെപിയുടെ സ്വപ്നത്തെ അസ്ഥാനത്താക്കിയത് കോൺഗ്രസിന്റെ ഇടപെടൽ ആയിരുന്നു. 2016ൽ ബിജെപി ജയിച്ചപ്പോൾ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടത് കോൺഗ്രസ് വോട്ടുകൾ ബിജെപി പാളയത്തിലേക്ക് എത്തിയെന്നതായിരുന്നു. 2011ലും 16ലും ഘടകകക്ഷികൾക്കാണ് യുഡിഎഫ് സീറ്റ് നൽകിയത്. 2011ൽ ചാരുപാറ രവി മത്സരിച്ചപ്പോൾ നേമത്ത് ആദ്യമായി മൂന്നാം സ്ഥാനത്തായി യുഡിഎഫ് . 2016 ൽ വി സുരേന്ദ്രൻ പിള്ളയ്ക്ക് യുഡിഎഫ് സീറ്റ് നൽകിയപ്പോൾ ഒ.രാജഗോപാൽ വിജയിച്ച് കേരള നിയമസഭയിലെ ആദ്യ ബിജെപി അംഗമായി. അന്ന് യുഡിഎഫ് സ്ഥാനാർത്ഥി വി സുരേന്ദ്രൻ പിള്ളയ്ക്ക് ആകെ കിട്ടിയത് 13,500 വോട്ടാണ്. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ യുഡിഎഫ് സഹായിച്ചു എന്ന പേരുദോഷം ഇതോടെ ഉണ്ടായി. ഇതിനു മറുപടി നൽകാൻ 2021ൽ കോൺഗ്രസ് നേതൃത്വം മണ്ഡലം സ്വന്തം അക്കൗണ്ടിലേക്ക് തിരിച്ചെടുത്തു. ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കുന്നത് പോലും ആലോചിച്ചു. ഒടുവിൽ സിറ്റിംഗ് എംപിയായിരുന്ന കെ മുരളീധരനെ വടകരയിൽ നിന്ന് ഇറക്കി.
പരാജയപ്പെട്ടെങ്കിലും കെ.മുരളീധരൻ നേടിയ 36,000 വോട്ടിന്റെ കരുത്തിലാണ് ഇടതുപക്ഷ സ്ഥാനാർഥി വി. ശിവൻകുട്ടിക്ക് വിജയിക്കാൻ ആയതും ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാൻ ആയതും എന്ന് ഇടതുപക്ഷ പ്രവർത്തകർ പോലും സമ്മതിക്കുന്നുണ്ട്. ഈ പൂട്ടിപ്പോയ അക്കൗണ്ട് തിരികെ പിടിക്കുവാൻ ബിജെപിയുടെ നിലവിലെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തന്നെ രംഗത്തിറങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. നേമം ഉൾപ്പെടുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നിന്നും അദ്ദേഹം കഴിഞ്ഞതവണ മികച്ച മുന്നേറ്റം കാഴ്ചവെച്ചിരുന്നു. അതുകൊണ്ടുതന്നെ നേമത്ത് നിന്നും ജനവിധി തേടിയാൽ അനായാസം വിജയിക്കുവാൻ കഴിയുമെന്ന് ബിജെപി ദേശീയ നേതൃത്വവും കണക്കുകൂട്ടുന്നു. നിയമസഭയ്ക്ക് ഉള്ളിലും രാജീവിന്റെ ശബ്ദം മുഴങ്ങിക്കേൾക്കണമെന്ന വാശിയിലാണ് ദേശീയ നേതൃത്വം.