ആഗസ്റ്റ് 14 ന് ഇന്ത്യൻ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം കൂലിയും, ഹൃത്വിക് റോഷന്റെ വാർ 2 വും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടും. ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന കൂലിയിൽ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തും. കൂടാതെ തെലുങ്കിൽ നിന്നും നാഗാർജുനയും കന്നടയിൽ നിന്ന് ഉപേന്ദ്രയും മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്രുതി ഹാസനാണ് നായിക.
അയാൻ മുഖർജി സംവിധാനം ചെയ്യുന്ന വാർ 2 വിൽ ജൂനിയർ എൻ.ടി.ആർ പ്രധാന വേഷത്തിൽ എത്തുന്നു. കൂലിയുടെ ടൈറ്റിൽ ടീസറും ഒരു ഗാനത്തിന്റെ പ്രോമോ വിഡിയോയും താരങ്ങളുടെ നിരവധി ചിത്രങ്ങളും അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. എന്നാൽ വാർ 2 വിന്റെ ഭാഗത്തുനിന്നും റിലീസ് ഡേറ്റ് അല്ലാതെ മറ്റൊരു അപ്പ്ഡേറ്റും ഇതുവരെ എത്തിയിട്ടില്ല. ചിത്രത്തിന്റെ സെറ്റിൽ നിന്നും ലീക്ക് ആയ ഹൃത്വിക് റോഷന്റേയും ജൂനിയർ എൻ.ടി.ആറിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.