ബിജെപി കേരളത്തിലെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത് രണ്ടും കൽപ്പിച്ച് തന്നെയാണ്. ഒരുകാലത്ത് ബിജെപി രാജ്യത്ത് ഒരു ചുക്കും ചുണ്ണാമ്പും സൃഷ്ടിക്കുകയില്ലെന്ന് ആർജ്ജവത്തോടെ പറഞ്ഞവർക്ക് മുന്നിലാണ് അവരിന്ന് രാജ്യത്തെ തുടർച്ചയായി നയിക്കുന്നത്. ഇന്ത്യയുടെ ഭരണസിരാകേന്ദ്രങ്ങളെ ബിജെപി കഴിഞ്ഞ മൂന്ന് തവണകളായി നിയന്ത്രിക്കുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണത്തിലുള്ളതും ബിജെപി തന്നെ. ഇനി അടുത്തത് അവരുടെ ലക്ഷ്യങ്ങളിൽ ദക്ഷിണേന്ത്യയാണ്. തെക്കേ ഇന്ത്യയിൽ കർണാടകയിൽ അവർ അധികാരത്തിലേക്ക് വന്നിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യപ്രതിപക്ഷവും ബിജെപി തന്നെയാണ്. ആന്ധ്രയിലും ബിജെപിയോട് ആഭിമുഖ്യമുള്ള സർക്കാരാണ് ഭരണത്തിലുള്ളത്. തമിഴ്നാട്ടിലും കേരളത്തിലും ആണ് അവർക്ക് വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കാതെ ഇരുന്നിട്ടുള്ളത്.
എന്നാലിപ്പോൾ സംഘടനാപരമായി തമിഴ്നാട്ടിലും കേരളത്തിലും ബിജെപിയെ സംബന്ധിച്ച് കാര്യങ്ങൾ കൂടുതൽ ഉഷാറായി വരുകയാണ്. ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാവിധ ആശിർവാദങ്ങളോടെയും കേരളവും തമിഴ്നാടും ലക്ഷ്യമിട്ട് പല പദ്ധതികളും ബിജെപി ആവിഷ്ക്കാരിക്കുവാനും തുടങ്ങിയിരിക്കുന്നു. അതിന്റെ പ്രകടമായ തെളിവാണ് സംസ്ഥാനത്ത് ബിജെപിയുടെ അധ്യക്ഷനെ മാറ്റിയതും തമിഴ്നാട്ടിൽ ഉടനടി മാറ്റുവാൻ ഉദ്ദേശിക്കുന്നതും. കേരളത്തിൽ ബിജെപി ഏറെ നാളുകളായി ക്രൈസ്തവ വിഭാഗത്തെ ലക്ഷ്യം വെച്ചിരുന്നുവെങ്കിലും വഖഫ് ബില്ലുമായും മുനമ്പം വിഷയവുമായി ബന്ധപ്പെട്ടും അവരുടെ ഏറെ നാളത്തെ പരിശ്രമങ്ങൾ വിജയം കാണുകയായിരുന്നു. ഇന്നിപ്പോൾ ക്രൈസ്തവ വിഭാഗത്തെ വലിയതോതിൽ കൂടെ നിർത്തുവാൻ ബിജെപിക്ക് കഴിയുന്നുണ്ട്. കോൺഗ്രസിനും ഇടതുപക്ഷത്തിനുമായി 19 എംപിമാർ ഉണ്ടെങ്കിലും ബിജെപിയുടെ സുരേഷ് ഗോപിക്കാണ് കേരളത്തിൽ ഏറ്റവുമധികം സ്വീകാര്യതയുള്ളത്. വഖഫ് ബിൽ ലോക്സഭയിൽ ചർച്ചയായപ്പോൾ സുരേഷ് ഗോപിയുടെ പ്രതികരണം ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ അദ്ദേഹത്തെ അവരുടെ പ്രിയപ്പെട്ട നേതാവാക്കി മാറ്റി. ഇതേ സുരേഷ് ഗോപിയെ തന്നെ മുന്നിൽ നിർത്തി കേരളം പിടിക്കുവാൻ ഒരുങ്ങുകയാണ് ബിജെപി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അടക്കം ബിജെപിയുടെ തേരുതെളിക്കുക സുരേഷ് ഗോപി തന്നെ ആയിരിക്കും.
തൃശ്ശൂർ മണ്ഡലത്തിന്റെ എംപിയാണെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമാണ് സുരേഷ് ഗോപി. അതും കേവലം പാർട്ടി പരിപാടികളിൽ മാത്രമല്ല, സാമൂഹിക സാംസ്കാരിക പരിപാടികളിലും നിറസാന്നിധ്യം തന്നെയാണ് അദ്ദേഹം. അടിക്കടി സാമുദായിക നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്യുന്നുണ്ട്. മുഖ്യനാരാ മാധ്യമങ്ങളെ ഒരു പടിക്കു പുറത്തു നിർത്തുമ്പോഴും ഓൺലൈൻ മാധ്യമങ്ങളുമായി അടുത്ത ബന്ധം അദ്ദേഹം പുലർത്തുന്നുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം ഓൺലൈൻ മാധ്യമങ്ങളെ ബിജെപി തന്നെയാണ് നയിക്കുന്നതെന്നും പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. ആ മാധ്യമങ്ങളുടെ എല്ലാം സ്ക്രിപ്റ്റ് തയ്യാറാക്കി നൽകുന്നത് പോലും ഇപ്പോൾ ബിജെപി കേന്ദ്രങ്ങളിൽ നിന്നുതന്നെയാണ്. മുഖ്യധാര മാധ്യമങ്ങൾ സുരേഷ് ഗോപിയുടെ ശൈലിയെ വിമർശിക്കുമ്പോൾ, ഓൺലൈൻ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ ശൈലികളെ വാഴ്ത്തുപാട്ടുകളിലൂടെ പരമാവധി വെള്ളപൂശുകയാണ്. കഴിഞ്ഞദിവസം സംസ്ഥാന പത്രപ്രവർത്തക യൂണിയൻ സുരേഷ് ഗോപിക്കെതിരെ സർക്കുലർ പോലും പുറത്തിറക്കിയിരുന്നു. എന്നാൽ ഇന്നും അദ്ദേഹം മാധ്യമങ്ങളോട് സ്ഥിരം ശൈലിയിൽ തന്നെയാണ് പെരുമാറിയത്. മാത്രവുമല്ല മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുവാനും അദ്ദേഹം തുനിഞ്ഞു. അതായത് സമ്പൂർണ്ണമായ വെല്ലുവിളിയാണ് മുഖ്യധാര മാധ്യമങ്ങളോട് അദ്ദേഹം ഉയർത്തുന്നത്. എന്നാൽ അതിലൊന്നും ഈ നാട്ടിലെ ജനങ്ങൾക്ക് മറ്റ് അഭിപ്രായങ്ങളും ഇല്ല.
മുനമ്പത്തെ ജനത അവരുടെ സമരപ്പന്തലിൽ പോലും സുരേഷ് ഗോപിക്ക് നന്ദി വാക്കുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ബില്ലുകൾ പാസായ ദിവസങ്ങളിൽ ഉയർന്ന മുദ്രാവാക്യം വിളികളിലും സുരേഷ് ഗോപിയുടെ പേരുണ്ട്. പുതിയ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്. വ്യക്തിപരമായി ആ സ്വപ്നങ്ങൾ നേടുന്നതിന് കേരളത്തിൽ ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നത് അങ്ങേയറ്റം നിർണായകവുമാണ്. മുഖ്യമന്ത്രി ആകണമെന്ന ലക്ഷ്യമൊന്നും രാജീവിന് ഇല്ല. കേന്ദ്രത്തിലെ താക്കോൽ സ്ഥാനം തന്നെയാണ് രാജീവിന്റെ സ്വപ്നങ്ങളിൽ. അതേസമയം ആ സ്വപ്നത്തിലേക്ക് എത്തുവാൻ കേരളത്തിൽ മുന്നേറ്റം സൃഷ്ടിക്കുവാൻ ഒരു മുഖം രാജീവിന് ആവശ്യമാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ സുരേഷ് ഗോപിക്ക് അപ്പുറത്തേക്ക് മറ്റൊരു പേരും രാജീവിന്റെയും ബിജെപി നേതൃത്വത്തിന്റെയും പരിഗണനയിൽ ഇല്ല. ഒട്ടേറെ അസ്വാരസ്യങ്ങൾ ബിജെപിയിൽ ഉണ്ടായിരുന്നുവെങ്കിലും സുരേഷ് ഗോപി എന്ന ഒറ്റ പേരിലേക്ക് എത്തുമ്പോൾ മറ്റാർക്കും നിലവിൽ പ്രശ്നങ്ങളേയില്ല. ഇനി ഏതെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നു വന്നാലും അതിനെ കൈകാര്യം ചെയ്യുവാൻ നിലവിലെ ബിജെപി നേതൃത്വത്തിന് കൃത്യമായി അറിയുകയും ചെയ്യാം.
കാസർകോട് മുതൽ തിരുവനന്തപുരം വരെ പരമാവധി പാർട്ടിക്കാരെ നേരിൽകണ്ട് സംഘടനയെ ശക്തമാക്കുവാൻ രാജീവ് ഇറങ്ങുകയാണ്. ആ യാത്രയിൽ രാജീവിനൊപ്പം തോളോട് തോൾ ചേർന്ന് സുരേഷ് ഗോപിയും ഉണ്ടാകുമെന്ന് അറിയുന്നു. ബിജെപി ശക്തമാകുവാൻ ഇറങ്ങുമ്പോൾ ഏതെങ്കിലും തരത്തിൽ സിപിഎം പ്രതിരോധിക്കുവാൻ ശ്രമിച്ചാൽ മുഖ്യന്റെ മകൾക്കെതിരായ കുരുക്ക് ബിജെപി മുറുക്കുകയും ചെയ്യും. ഏതായാലും ആ പ്രതിസന്ധിയെ അതിജീവിക്കുവാനുള്ള ധൈര്യം ഒന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്നില്ല. ബംഗാളിലെയും ത്രിപുരയിലെയും സ്ഥിതി ഇവിടെയും വരുമോ എന്ന ഭയം സിപിഎമ്മുകാർക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ബിജെപിയെ തൽക്കാലം തളയ്ക്കുവാനോ തളർത്തുവാനോ സിപിഎം മുന്നോട്ടു വരില്ലെന്ന് പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഇടക്കാലത്ത് സിപിഎമ്മിനെ തന്നെ വീണ്ടും അധികാരത്തിൽ എത്തിച്ചു പതിയെ കേരളം പിടിക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാൽ ഇന്ന് അതിവേഗത്തിൽ സംഘടനയെ സജ്ജമാക്കി സുരേഷ് ഗോപിയെ മുൻനിർത്തി ഭരണം പിടിക്കുക തന്നെയാണ് ബിജെപിയുടെ ഉറച്ച ലക്ഷ്യം.