നടൻ രജ്പാൽ യാദവിന്റെ കോടികൾ മൂല്യമുള്ള വസ്തു പിടിച്ചെടുത്ത് സെൻട്രൽ ബാങ്ക് അധികൃതർ. നടന്റെ ഉത്തർപ്രദേശ് ഷാജഹാൻപൂരിലുള്ള വസ്തുവാണ് ബാങ്ക് പിടിച്ചെടുത്തത്. ലോണെടുത്ത് തിരിച്ചടവ് മുടങ്ങിയതിനേത്തുടർന്നാണ് കോടതി നടപടിയെടുത്തത്.ബാന്ദ്ര കുർള കോംപ്ലക്സിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയിൽ നിന്നാണ് രാജ്പാൽ യാദവ് മൂന്നുകോടി രൂപ വായ്പയെടുത്തത്. പിതാവ് നൗരംഗ് യാദവിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ ഈടായിവെച്ചായിരുന്നു ഇത്.
വായ്പ മുടങ്ങിയതോടെ തിരിച്ചടയ്ക്കേണ്ട ലോൺ തുക 11 കോടിയായി. ഇതേ തുടർന്ന് ബാങ്ക് അധികൃതർ ഈ മാസം എട്ടാം തീയതി ഷാജഹാൻപൂരിലെത്തി താരത്തിന്റെ വസ്തു സീൽ ചെയ്യുകയായിരുന്നു .കടം തിരിച്ചടക്കാത്തതിനെത്തുടർന്ന് ബാങ്ക് ജീവനക്കാർ ഷാജഹാൻപൂരിലെ സേത്ത് എൻക്ലേവ് ഏരിയയിലെ രാജ്പാൽ യാദവിൻ്റെ വസ്തുവിൻ്റെ ഗേറ്റ് സീൽചെയ്ത് പൂട്ടിയിട്ടിരിക്കുകയാണ്.
ബോളിവുഡിൽ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് രജ്പാൽ യാദവ്. ഹിന്ദി, മറാഠി, തെലുങ്ക്, കന്നഡ, ബെംഗാളി ഭാഷകളിലായി 150-ലേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഇതിനുമുൻപും താരം നിയമക്കുരുക്കിൽ അകപ്പെട്ടിട്ടുണ്ട്. അട്ടാ പട്ടാ ലാപട്ടാ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരുന്നതിനെത്തുടർന്ന് ജയിലിൽ കിടന്നിട്ടുണ്ട് യാദവ്. അദ്ദേഹംതന്നെ സംവിധാനംചെയ്ത ചിത്രം ഭാര്യ രാധാ യാദവായിരുന്നു നിർമിച്ചത്.
ചന്തു ചാമ്പ്യൻ, ലവ് കി അറേഞ്ച് മാര്യേജ് എന്നീ ചിത്രങ്ങളിലാണ് രജ്പാൽ യാദവ് ഒടുവിൽ വേഷമിട്ടത്. അദ്ദേഹത്തിന്റെ കാം ചാലു ഹേ എന്ന ചിത്രം ഈയിടെ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. മക്തൂബ് ആണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.