ഒരു നീണ്ട കാലയളവിന് ശേഷം കോൺഗ്രസിന്റെ ‘സൂപ്പർഹീറോ’ ആകാനൊരുങ്ങി രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പും മറ്റും വരാനിരിക്കെ കോൺഗ്രസിന്റെ സാമുദായിക സമവാക്യങ്ങളിൽ രമേശ് ചെന്നിത്തലയ്ക്ക് പ്രധാന്യമേറുന്നു. എൻഎസ്എസിനും എസ്എൻഡിപിയ്ക്കും പിന്നാലെ ഇസ്ളാമിക സംഘടനകളുടെ യോഗത്തിലേക്കും രമേശ് ചെന്നിത്തലയ്ക്ക് ക്ഷണം. ജനുവരി 4 ന് നടക്കുന്ന ജാമിയ നൂരിയ സമ്മേളന വേദിയിലേക്കാണ് രമേശ് ചെന്നിത്തലയ്ക്ക് ഇടം ലഭിച്ചിരിക്കുകയാണ്. ജാമിയ നൂരിയ സമ്മേളനത്തിലെ ഒരു സെഷന്റെ ഉദ്ഘാടകനായാണ് രമേശ് ചെന്നിത്തലയെ നിശ്ചയിച്ചിരിക്കുന്നത്. ജനുവരി നാലിന് എം കെ മുനീർ അധ്യക്ഷനാകുന്ന സെഷൻ ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
നേതാവ് എന്ന നിലയിൽ മുസ്ളീംലീഗിന്റെ പിന്തുണ കൂടി ഉറപ്പാക്കാൻ രമേശ് ചെന്നിത്തലയ്ക്കാകും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളാണ് ജാമിയയുടെ പ്രസിഡന്റ്. അതുകൊണ്ടു തന്നെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് ലീഗ് നേതൃത്വത്തിന്റെ താൽപ്പര്യത്തെ സൂചിപ്പിക്കുന്ന കാര്യമായി കൂടി പ്രാധാന്യം നേടുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ഈ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ വിഡി സതീശന് ക്ഷണമുണ്ടായില്ല. നേരത്തെ മന്നംജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ രമേശ് ചെന്നിത്തലയെ എൻഎസ്എസും ശിവഗിരി തീർത്ഥാടന പദയാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ പങ്കെടുപ്പിച്ച് എസ്എൻഡിപിയും രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുകയും മന്ത്രിസഭ ഉണ്ടാക്കാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്താൽ സഖ്യകക്ഷികളുടെ ഈ പ്രത്യേക പരിഗണനകളും സാമുദായിക ശക്തികളുടെ പിന്തുണയും രമേശ് ചെന്നിത്തലയ്ക്ക് ഗുണകരമായി മാറിയേക്കുമെന്ന് വിലയിരുത്തലുകളുണ്ട്.
അപ്പോഴും ഭരണത്തിലേക്ക് കോൺഗ്രസ് എത്തുന്നതിന് ഒട്ടേറെ കടമ്പകളുണ്ട്. മുഖ്യമന്ത്രി പദം മുന്നിൽ കണ്ട് ഇപ്പോഴേ കോൺഗ്രസ്സിൽ അടി തുടങ്ങി കഴിഞ്ഞു. സാമുദായിക ശക്തികളെ കൂട്ട് പിടിച്ച് ഹൈക്കമാൻ്റിനെ സമ്മർദ്ദത്തിലാക്കാനാണ് നിലവിൽ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ ശ്രമിക്കുന്നത്. എൻ.എസ്.എസിനെയും എസ്എൻഡിപിയെയും ഒപ്പം നിർത്തിയുള്ള നീക്കമാണ് രമേശ് ചെന്നിത്തല നടത്തുന്നത്. 2026-ൽ യുഡിഎഫിന് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞൊന്നും അദ്ദേഹം ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷ നേതൃസ്ഥാനം വി.ഡി സതീശൻ തട്ടിയെടുത്തത് പോലെ മുഖ്യമന്ത്രി സ്ഥാനം കൈവിട്ട് പോകരുതെന്നത് ഇപ്പോൾ ചെന്നിത്തലയുടെ വാശി കൂടിയാണ്. അതിനുള്ള കരുക്കളാണ് അദ്ദേഹം നീക്കി കൊണ്ടിരിക്കുന്നത്. 2026 കഴിഞ്ഞാൽ, പിന്നെ തനിക്കൊരു അവസരം ഇല്ലെന്ന യാഥാർത്ഥ്യവും രമേശ് ചെന്നിത്തല മനസ്സിലാക്കുന്നുണ്ട്. കോൺഗ്രസ്സിൽ പ്രതിപക്ഷ നേതാവായിരുന്ന നേതാക്കളെല്ലാം പിന്നീട് മുഖ്യമന്ത്രിമാരായിട്ടുണ്ട്. ആ ചരിത്രമാണ് മുൻ പ്രതിപക്ഷ നേതാവ് കൂടിയായ ചെന്നിത്തലയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ വി.ഡി സതീശനും ആഗ്രഹിക്കുന്നത്. സതീശന് മുൻപ് പ്രതിപക്ഷ നേതാവായ ആൾ എന്ന നിലയിലും, സീനിയർ നേതാവാണ് എന്ന പരിഗണനയും തനിക്ക് ലഭിക്കണമെന്നതാണ് രമേശ് ചെന്നിത്തലയുടെ ആഗ്രഹം. ഈ ആഗ്രഹം യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങളും ചെന്നിത്തല ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാനതൊട്ടാകെ ഓടിനടന്ന് അദ്ദേഹം പാർട്ടി പരിപാടികളിലും പൊതു പരിപാടികളിലും സജീവ സാന്നിധ്യമായി മാറുന്നുണ്ട്. വി ഡി സതീശനെ എതിർക്കുന്ന എല്ലാവർക്കും രമേശ് ചെന്നിത്തല സ്വീകാര്യനല്ലെങ്കിലും നിലവിൽ തിരുപാധിക പിന്തുണ ചെന്നിത്തലയ്ക്ക് നൽകുന്നുണ്ട്. ഒരേസമയം എൻഎസ്എസിനെയും എസ്എൻഡിപിയെയും ഒപ്പം നിർത്തിയും ലീഗിനെ കൂട്ട് പിടിച്ചും മുന്നോട്ട് പോകാൻ ശ്രമിക്കുന്ന ചെന്നിത്തലയുടെ പുതിയ നീക്കം വി.ഡി സതീശന് ഏറെക്കുറെ തിരിച്ചടിയാണ്. സാമൂഹ്യ മാധ്യമങ്ങളിലും ചെന്നിത്തല ഇടപെടലുകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സൈബർ പടയും പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്തുടനീളം ഓരോ മണ്ഡലങ്ങളിലും ഒട്ടേറെ വ്യക്തി ബന്ധങ്ങൾ ചെന്നിത്തലയ്ക്കുണ്ട്. ഒരുപക്ഷേ ഉമ്മൻചാണ്ടി കഴിഞ്ഞാൽ ഏറ്റവും അധികം സ്വീകാര്യതയുള്ള നേതാവ് ചെന്നിത്തല തന്നെയായിരിക്കും. ശൈലിയിൽ അടക്കം പുതിയ മാറ്റങ്ങൾ വരുത്തിയാണ് ജനകീയ ഇടപെടലുകളുമായി കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമാക്കിയുള്ള ചുവടുവെപ്പുകൾ ചെന്നിത്തല നടത്തുന്നത്.