തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയര്‍മാനായി നടന് പ്രേംകുമാര്‍ അധികാരമേറ്റു. അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കുമെന്ന് പറഞ്ഞ പ്രേംകുമാര്‍ വ്യക്തിപരമായി സന്തോഷമില്ലെന്നും രഞ്ജിത്ത് പ്രിയപ്പെട്ട സുഹൃത്താണെന്നും തുറന്നു പറഞ്ഞു. മലയാള സിനിമയില്‍ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും. സ്ത്രീ സൗഹൃദ തൊഴിലിടമായി സിനിമ മേഖലയെ മാറ്റുമെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.
അതേസമയം, സിനിമ കോണ്‍ക്ലേവ് തീയതിയില്‍ അന്തിമ തീരുമാനമായില്ലെന്നും മറ്റേണ്ടവരെ മാറ്റിനിര്‍ത്താമെന്നും പ്രേംകുമാര്‍ പറഞ്ഞു. സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് വേദിയുണ്ടാകണം. അക്കാദമിയുടെ തലപ്പത്തേക്ക് വനിതകള്‍ വരണമെന്ന് ആവശ്യപ്പെട്ടതായും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന സംവിധായകന് രഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം പ്രേംകുമാറിന് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ, ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്നു പ്രേംകുമാര്‍.